
ശ്രീ അയ്യപ്പൻ സിനിമയുമായി ആദ്യ നായകവേഷത്തിൽ അനീഷ് രവി
സീരിയലിലും സിനിമയിലും തുടരുന്ന അഭിനയയാത്ര ഇരുപത്തി അഞ്ച് വർഷം എത്തിയപ്പോൾ പുതിയ ഒരു തിളക്കം സമ്മാനിച്ചതിന്റെ ആഹ്ലാദത്തിൽ അനീഷ് രവി നിറഞ്ഞു ചിരിച്ചു. അനീഷ് രവി നായകനായി അഭിനയിച്ച ആദ്യ ചിത്രം ശ്രീ അയ്യപ്പൻ തിയേറ്ററിൽ.
നവാഗത സംവിധായകൻ വിഷ്ണു വെഞ്ഞാറമൂട് മാത്രമല്ല അനീഷ് രവിയും ശ്രീ അയ്യപ്പനെ ഹൃദയത്തോട് ചേർക്കുന്നു. സിനിമയിൽ നായകനായി അഭിനയിക്കണമെന്ന ആഗ്രഹം സഫലമാകാൻ അനീഷ് രവി കാത്തിരുന്നത് രണ്ടര പതിറ്റാണ്ട് . ആ വിശേഷത്തിലേക്ക്.
അന്നും മണികണ്ഠൻ
25 വർഷം മുൻപ് ദൂരദർശൻ സംപ്രേഷണം ചെയ്ത 'മോഹനം" സീരിയലിൽ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് മണികണ്ഠൻ എന്നായിരുന്നു. ഇരുപത്തി അഞ്ചാം വർഷം വീണ്ടും മണികണ്ഠൻ എന്ന കഥാപാത്രം ആകുന്നു. പട്ടാളക്കാരനാണ് ശ്രീ അയ്യപ്പനിലെ മണികണ്ഠൻ. മല കയറുന്ന മണികണ്ഠനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയാണ്. ഭക്തിയോടൊപ്പം ത്രില്ലറും ചേരുന്നു. ശബരിമലയിലും പരിസരത്തും ആയിരുന്നു ചിത്രീകരണം.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട് . മറ്റു ഭാഷകളിൽ ഡിസംബർ 18ന് റിലീസ് ചെയ്യും. ശബരിമല പശ്ചാത്തലത്തിൽ നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ പാടിയ 'പഞ്ചലോഹ പടികളെ" എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതാണ്. വ്രതം അനുഷ്ഠിച്ചാണ് ചിത്രീകരണത്തിൽ പങ്കെടുത്തത്. സ്കൂൾ നാടകത്തിൽ അഭിനയിച്ചാണ് കലാരംഗത്തേക്ക് എത്തുന്നത്. പ്രൊഫഷണൽ നാടകത്തിലും പരീക്ഷണ നാടകത്തിലും അഭിനയിച്ചു. 2000ൽ ആണ് സിനിമ അഭിനയം. ആ സമയത്ത് ദോസ്ത്, ശിങ്കാരി ബോലാനെ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തു. സീരിയലിൽ അന്നു മുതൽ ഇതു വരെ നായക കഥാപാത്രങ്ങളാണ് കൂടുതൽ അവതരിപ്പിച്ചത്. കൗമുദി ടിവിയുടെ 'അളിയൻസ് " 1200 എപ്പിസോഡ് പിന്നിടുകയാണ്. ഒരു സമയം ഒരു പ്രൊജക്ടിന്റെ മാത്രം ഭാഗമാകുന്നതാണ് രീതി. സിനിമയിൽ നിന്ന് വിളി വരുമ്പോൾ അതിന്റെ ഭാഗമാകാൻ ശ്രമിക്കും. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചു. അഭിനയം തന്നെയാണ് ഇപ്പോഴും ആഗ്രഹം. കരിയർ ഗ്രാഫ് ഉയരാൻ സിനിമ വേണമെന്ന് എല്ലാവരെയും പോലെ ആഗ്രഹിച്ചു. അപ്രതീക്ഷിതമായി വന്നുചേർന്ന 'ശ്രീ അയ്യപ്പൻ " വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |