
പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളും വാലടിക്കാവിൽ ഉത്സവം കാണാനുള്ള പോക്കിലാണ്! പാതിവഴി എത്തിയപ്പോൾ അതാ, ഒരു വലിയ കടമ്പ! എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും അത് കടക്കാനാവുന്നില്ല. ഒടുവിൽ ഉള്ളിലെ അഹന്തയും താൻപോരിമയുമൊക്കെ തുടച്ചുനീക്കിയപ്പോൾ അവർക്ക് നിഷ്പ്രയാസം കടമ്പ കടക്കാനാകുന്നു. തുടച്ചുനീക്കേണ്ട കറകൾ പുറത്തല്ല, അവനവന്റെ ഉള്ളിലാണെന്ന് നാടകം പറയാതെ പറയുകയായിരുന്നു.
ബഹുമുഖപ്രതിഭയായ കാവാലം നാരായണപ്പണിക്കർ രചിച്ച്, ജി. അരവിന്ദൻ സംവിധാനം ചെയ്ത 'അവനവൻ കടമ്പ" എന്ന നാടകം വേദികൾ കീഴടക്കിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യൻ ഇന്നും തട്ടിവീഴുന്നത് അതേ കടമ്പയിൽ തട്ടിത്തന്നെ! 1975-ൽ രചന പൂർത്തിയാക്കിയ നാടകം 1976 മേയ് ഏഴിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. ഹൈസ്കൂൾ അങ്കണത്തിലെ ചീലാന്തിക്കു മുന്നിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ, പരിചിതമല്ലൊത്തൊരു ദൃശ്യസങ്കേതം മലയാളികളെ കീഴ്പ്പെടുത്തി. പാശ്ചാത്യ നാടകങ്ങൾ കണ്ടു ശീലിച്ചവർക്കിടയിൽ വലിയൊരു സാമൂഹ്യവിപ്ലവത്തിന് ആ നാടകം നാന്ദികുറിച്ചു.
നാട്ടിലെ കൊള്ളക്കാരനും റൗഡിയുമായ ഇരട്ടക്കണ്ണൻ പക്കിയും ദേശത്തുടയോനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ വാർത്തമാനകാലത്തിന്റെ പുത്തൻ മാനങ്ങളും അതോടെ തുറക്കപ്പെട്ടു. അടച്ചിട്ട മുറിയിൽ അധികാരിയും കുറ്റവാളിയും ഒരുപോലെയാണെന്ന് നാടകം അടിവരയിട്ടു. ഭരത് ഗോപി, നെടുമുടി വേണു, ,കൃഷ്ണൻകുട്ടി നായർ, ജഗന്നാഥൻ, എസ്. നടരാജൻ, സുബ്രഹ്മണ്യ പിള്ള, പുരുഷോത്തമൻ, ശിവരാമൻ നായർ, കെ. കലാധരൻ, രുഗ്മിണി, വസന്ത, ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ള പ്രതിഭകളിലൂടെ നാടകം ജനമനസുകളെ തൊട്ടു.
യുവതയുടെ
ഊർജ്ജം
'ഐകമത്യം മഹാബലം" എന്ന സന്ദേശം കൂടിയാണ് 'അവനവൻ കടമ്പ" നല്കുന്നത്. ആ സന്ദേശം മനസാ സ്മരിച്ചാണ് കാവാലത്തിന്റെ ശിഷ്യഗണങ്ങൾ നാടകം ഓരോവട്ടവും അവതരിപ്പിക്കുന്നത്. അദ്ദേഹം തുടങ്ങിവച്ചതൊക്കെ ഇന്നും പ്രസക്തമാണെന്ന് 'കാവാലം സംസ്കൃതി" ഡയറക്ടർ കാവാലം സജീവും, കൺവീനറും നടനുമായ കൃഷ്ണൻ ബാലകൃഷ്ണനും പറയുന്നു.
'പത്തുവർഷം മുമ്പാണ്- അന്ന് ഞങ്ങൾ കുറേക്കൂടി ചെറുപ്പമാണ്. അവനവൻ കടമ്പയുടെ നാല്പതാം വാർഷികാഘോഷം മാനവീയം വീഥിയിൽ നടത്താൻ തീരുമാനിച്ചു..."- കാവാലം സജീവ് മെല്ലെ ഓർമ്മകളുടെ കെട്ടഴിച്ചു: 'പക്ഷേ, ഇതൊക്കെ നടക്കാത്ത കാര്യമാണ്; ധാരാളം പണവും ആൾബലവും വേണം... എന്നായിരുന്നു കാവാലം നാരായണപ്പണിക്കരുടെ മറുപടി. ഞങ്ങളുടെ ആത്മവിശ്വാസം കണ്ടിട്ടാവണം, കുറച്ച് പണം നൽകി അനുഗ്രഹിച്ചിട്ട്, മുന്നോട്ട് പൊയ്ക്കൊള്ളാൻ അദ്ദേഹം പറഞ്ഞു! വിസ്മയ മാക്സിന്റെയും മാനവീയം തെരുവോരക്കൂട്ടത്തിന്റെയും സഹകരണത്തിൽ പരിപാടി ഗംഭീരമായി." കൃഷ്ണൻ ബാലകൃഷ്ണൻ ആ കഥ പറഞ്ഞുനിർത്തുന്നു. അന്നു ലഭിച്ച ഊർജ്ജമാണ് അമ്പതാം വർഷം ആഘോഷിക്കാനും 'കാവാലം സംസ്കൃതി"ക്കുള്ള കരുത്ത്.
പേരിനല്ല
പുരസ്കാരം
കാവാലത്തിനൊപ്പം പ്രവർത്തിച്ചവരുടെയെല്ലാം പ്രതിബിംബമാണ് 'കാവാലം സംസ്കൃതി." കാവാലത്തിന്റെ സമയത്തു തന്നെ രൂപീകരിച്ചതാണ് ഇത്. നാടകപ്രസ്ഥാനം അന്യംനിൽക്കുന്ന കാലത്ത് വരുംതലമുറയിലേക്ക് സാംസ്കാരിക മൂല്യങ്ങൾ പകരുകയാണ് ലക്ഷ്യം. കാവാലം എന്ന ബിംബത്തെ ചുറ്റിപ്പറ്റിയാണ് സംസ്കൃതി വ്യാപിപ്പിച്ചത്. കഴിഞ്ഞ നാലുവർഷമായി അവനവൻ കടമ്പ പുരസ്കാരം 'കാവാലം സംസ്കൃതി"യുടെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.
സുകുമാര കലകളിലൊന്നും കാവാലത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള നിരീക്ഷണം സാദ്ധ്യമല്ല. അതിനാൽ, മറ്റ് അവാർഡുകൾ പോലെ ഒരു മേഖലയിൽ നിന്നു മാത്രമുള്ളവർക്കല്ല ഇത് നൽകുന്നത്. ഇക്കുറി, 'അവനവൻ കടമ്പ"യുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പ്രശസ്ത പടയണി കലാകാരൻ കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്കായിരുന്നു പുരസ്കാരം. പടയണി നാടകത്തിനു മാത്രമല്ല, സിനിമാഗാനത്തിനും വഴങ്ങുമെന്ന് കാവാലം തെളിയിച്ചതായി കടമ്മനിട്ട മുമ്പ് എഴുതിയിട്ടുണ്ട്. 'അവനവൻ കടമ്പ" ചിട്ടപ്പെടുത്തിയതും പടയണിയുടെ താളത്തിലാണ്.
ആഘോഷത്തിന്
തുടക്കം
'അവനവൻ കടമ്പ"യുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. കാസ്, വിസ്മയ മാക്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ആഘോഷം. വിവിധ മേഖലകളിൽ ശില്പശാലകൾ, ചർച്ചകൾ, നാടകക്കളരികൾ എന്നിവ സംഘടിപ്പിക്കും. സർക്കാരിന്റെ സംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിപാടികൾ. സംഗീത കോളേജുകളുമായും സഹകരിക്കും.
ഇപ്പോൾ തിരുവനന്തപുരത്തു മാത്രമായി അവതരിപ്പിക്കുന്ന പരിപാടികൾ വൈകാതെ മറ്റിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ആലോചന. കാവാലം മ്യൂസിക്ക് സ്കൂളിൽ മൂന്നു വയസു മുതൽ എഴുപത് വയസുവരെയുള്ള പഠിതാക്കളുണ്ട്. അവരിലൂടെ കാവാലത്തിന്റെ സംസ്കൃതി പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കാവാലം സ്കൂൾ ഒഫ് മ്യൂസിക് എന്ന് ഡയറക്ടർ കാവാലം സജീവൻ പറയുന്നു.
കാവാലത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിഷ്യരുള്ളതിനാൽ അവിടെയൊക്കെ ശില്പശാലകൾ നടത്താൻ ശ്രമിക്കും. 'അവനവൻ കടമ്പ"യെ കുറിച്ചുള്ള സ്മരണികയും, കാവാലത്തെക്കുറിച്ച് എസ്. രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കി. 2028- ലാണ് കാവാലത്തിന്റെ നൂറാം ജന്മദിനാഘോഷം. ആ ആഘോഷത്തിലേയ്ക്കുള്ള യാത്രയ്ക്കു കൂടിയാണ് തുടക്കമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |