കോഴിക്കോട്: ജോളിക്ക് വേണ്ടി ഹാജരാകാൻ അഡ്വ. ആളൂരിനോട് ആവശ്യപ്പെട്ടിട്ടിലെന്ന് ജോളിയുടെ സഹോദരൻ നോബി. വക്കാലത്ത് നൽകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബി.എ ആളൂരിന്റെ വാദങ്ങൾ തള്ളിയാണ് നോബിയുടെ വെളിപ്പെടുത്തൽ. ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരമാണെന്നാണ് ആളൂർ പറഞ്ഞിരുന്നത്.
ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് നോബി വ്യക്തമാക്കി. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നോബി പറഞ്ഞു. കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ആളൂർ നാളെ കോടതിയിൽ ഹാജരാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആളൂർ കേസിന്റെ വക്കാലത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു.
വക്കാലത്ത് എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നതായി ആളൂർ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കൾതന്നോട് സംസാരിച്ചിരുന്നുവെന്നും ആളൂർ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് ബന്ധുക്കള്‍ തന്നോട് പറഞ്ഞത്. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നൽകിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും ആളൂർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |