
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ മുന്നോടിയായി കേരളകൗമുദി ശിവഗിരി മഠവുമായി ചേർന്ന് നടത്തുന്ന സെമിനാർ 'ശിവഗിരി : പരിണാമ തീർത്ഥം" ഇന്ന് ശിവഗിരിയിൽ നടക്കും. രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ,
ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, വി.ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, മുൻ കൗൺസിലർമാരായ പി.എം.ബഷീർ, അഡ്വ.ആർ.അനിൽകുമാർ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി ,
ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി, ചീഫ് മാനേജർ എസ്. വിമൽകുമാർ,സജി നായർ തുടങ്ങിയവർ പങ്കെടുക്കും. 93 -ാമത് തീർത്ഥാടന കാലം ഡിസംബർ15 നു തുടങ്ങുന്നതിനു മുന്നോടിയായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ശിവഗിരി തീർത്ഥാടന പുരസ്കാരം വിദ്യാഭ്യാസത്തിന്
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന പുരസ്കാരം വിദ്യാഭ്യാസത്തിന് നല്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. മികച്ച സംഭാവന ചെയ്തുവരുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്കാരം നല്കും. മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ. കെ. ജയകുമാർ, എ.ഡി.ജി.പി പി.വിജയൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതിരാജ് എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിന് അർഹരെ കണ്ടെത്തുക. പുരസ്കാര വിതരണം തീർത്ഥാടന മഹാസമ്മേളനത്തിൽ നിർവഹിക്കും.
മഹാതീർത്ഥാടനം:ഉത്പന്ന സമർപ്പണം നാളെ മുതൽ
ശിവഗിരി : മഹാതീർത്ഥാടനത്തിന് എത്തിച്ചേരുന്നവർക്കുള്ള ഗുരുപൂജ പ്രസാദത്തിന് ആവശ്യമായ കാർഷിക വിളകളും പലവ്യഞ്ജനങ്ങളും നാളെ മുതൽ എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളായി. ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങൾ മഹാസമാധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളും തീർത്ഥാടന കമ്മറ്റി അംഗങ്ങളും ഏറ്റുവാങ്ങും.
സാംസ്കാരിക സമിതിയുടെ കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് ഉത്പന്നങ്ങൾ എത്തിക്കുക. സമിതിയുടെ നിയന്ത്രണത്തിലുള്ള കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ശ്രീനാരായണ സ്കൂളുകളും വിഭവ സമാഹരണത്തിന് പങ്കാളിത്തം വഹിക്കുമെന്ന് സാംസ്കാരിക സമിതി കേന്ദ്ര ഉപദേശക സമിതി ചെയർമാനും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. പി. ചന്ദ്രമോഹൻ, സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്. ജെ. ബാബു, ജനറൽ സെക്രട്ടറി കെ. കെ. കൃഷ്ണകുമാർ, ട്രഷറർ വി. സജീവ്, പി.ജി. രാജേന്ദ്ര ബാബു, എം. എൻ. മോഹനൻ, അഡ്വ. എൽ. പ്രസന്നകുമാർ തുടങ്ങിയവർ അറിയിച്ചു. ഭക്തർക്കായി തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദം അന്നദാനത്തിന് ആവശ്യമായ ഉത്പന്നങ്ങൾ ശിവഗിരിയിൽ സമർപ്പിക്കാവുന്നതാണെന്ന് മഠത്തിൽ നിന്നും അറിയിച്ചു. വിവരങ്ങൾക്ക് 9447551499
ഇന്ന് പ്രാർത്ഥനായജ്ഞം
93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി ഇന്ന് രാവിലെ 6 മുതൽ വൈദിക മഠത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നുചേരുന്ന പ്രാർത്ഥനാ സംഘങ്ങളും ഭക്തരും ചേർന്ന് മുഴുനീള പ്രാർത്ഥനായജ്ഞം നടത്തും. ഗുരുദേവ വിരചിതമായ എല്ലാ കൃതികളുടെയും ആലാപനം ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഷാജിമോൻ ഒളശ്ശ , അജയകുമാർ എസ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |