
തിരുവനന്തപുരം: ബി.ജെ.പിയുടെ വികസന വാഗ്ദാനം തലസ്ഥാന ജനത മനസ്സിലേറ്റി താമരമുദ്ര പതിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇനി എൻ.ഡി.എയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റം. ഇടതുകോട്ട തകർന്നടിഞ്ഞു. 50 വർഷത്തെ ഇടതുഭരണം അവസാനിച്ചു. 52 സീറ്റിൽ നിന്ന് എൽ.ഡി.എഫ് 29ലേക്ക് വീണു. കഴിഞ്ഞ തവണത്തെ 23 സീറ്റ് കൈവിട്ടു. യു.ഡി.എഫ് 9 സീറ്റ് അധികം പിടിച്ച് നില മെച്ചപ്പെടുത്തി. രണ്ട് സ്വതന്ത്രരും ജയിച്ചു.
2020ലെ 35 സീറ്റാണ് എൻ.ഡി.എ അൻപതായി ഉയർത്തിയത്. ആകെ 101 സീറ്റുള്ളതിൽ വിഴിഞ്ഞം ഡിവിഷനിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിയിരുന്നു.
'ഇനി മാറാത്തത് മാറും" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പി പ്രചാരണം. പതിവ് ശൈലി പാടെ മാറ്റി. വർഗീയതയിൽ തൊട്ടില്ല. വിവാദങ്ങൾക്ക് പിറകെയും പോയില്ല. ഭരണമേൽപ്പിച്ചാൽ കൊണ്ടുവരുന്ന വികസനം മാത്രം ആയുധമാക്കി. ജനങ്ങൾ തേടുന്നത് വികസനമാണെന്ന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിന്റെയും വിജയമാണിത്.
തലസ്ഥാനം പിടിച്ചാൽ കേരളം പിടിച്ചതുപോലെയെന്നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തി പ്രവർത്തകരോട് പറഞ്ഞത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വമ്പൻ വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും വോട്ടർമാർക്ക് ഉറപ്പുനൽകി.
സഹകരണ സംഘം വിവാദത്തിൽ സിറ്റിംഗ് കൗൺസിലർ തിരുമല അനിലും സ്ഥാനാർത്ഥിത്വം കിട്ടാതെ തൃക്കണ്ണാപുരത്ത് പ്രവർത്തകൻ ആനന്ദും ആത്മഹത്യ ചെയ്തത് തിരിച്ചടിക്കുമെന്ന ഭയം ബി.ജെ.പി നേതാക്കൾക്ക് തുടക്കത്തിലുണ്ടായിരുന്നു. ചിട്ടയായ പ്രചാരണത്തിലൂടെ അതിനെ അതിജീവിച്ചു.
1991ൽ കേരളവർമ്മ രാജ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടിയപ്പോൾ മുതൽ ബി.ജെ.പിയുടെ ലക്ഷ്യമാണ് നഗരസഭ. 2015ലും 2020ലും 35 സീറ്റോടെ പ്രതിപക്ഷത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിൽ ബംഗളൂരു മെട്രോ കോർപ്പറേഷൻ ഭരണം ബി.ജെ.പിക്കാണ്. ഇപ്പോൾ തിരുവനന്തപുരവുമായി.
ഇനി ലക്ഷ്യം 4
അസംബ്ളി സീറ്റ്
തിരുവനന്തപുരം നഗരസഭയിലെ മുന്നേറ്റം ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അസംബ്ളി തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ പരിധിയിലെ വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണവർ. ഈ മണ്ഡലങ്ങളിലെ വാർഡുകളിൽ വൻ മുന്നേറ്റമാണ് പാർട്ടി നടത്തിയത്. ഈ ട്രെൻഡ് നിലനിറുത്താനുള്ള പ്രവർത്തനങ്ങളാകും വരും ദിനങ്ങളിൽ നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |