
വാഷിംഗ്ടൺ: അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ അവസാന പരീക്ഷ എഴുതുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പ് നടന്ന് മൂന്ന് മണിക്കൂറിലധികം കഴിഞ്ഞിട്ടും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പസ് കെട്ടിടങ്ങൾ മാലിന്യക്കൂമ്പാരങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അക്രമിയെന്ന് സംശയിക്കപ്പെടുന്നയാൾ കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനായിരുന്നെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് ഒട്ടേറെ വിദ്യാർത്ഥികൾ ക്യാമ്പസിലുണ്ടായിരുന്നു. ആക്രമണത്തിൽ അനുശോചനം അറിയിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി.
ഭയപ്പെടുത്തുന്ന സംഭവം എന്നായിരുന്നു വെടിവയ്പ്പിനെ ട്രംപ് വിശേഷിപ്പിച്ചത്. 'ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇരകൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് പിന്നീട് അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസിലെ ഏറ്റവും പഴക്കമേറിയതും ഉന്നതവുമായ സർവകലാശാലകളിൽ ഒന്നാണ് ബ്രൗൺ സർവകലാശാല. യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഉന്നത സർവകലാശാലകളുടെ കൂട്ടായ്മയായ ഐവി ലീഗിന്റെ ഭാഗമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |