
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരു അവസരവും പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്‌ടപ്പെടുത്താറില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സർക്കാർ വന്ദേമാതരത്തിന്റെ പേരിൽ വിവാദ ചർച്ചകൾ സംഘടിപ്പിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. വന്ദേമാതരത്തിന്റെ പ്രസക്തഭാഗങ്ങൾ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നീക്കം ചെയ്‌തെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങളോടായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രം ആലപിക്കണമെന്നുള്ള പ്രമേയം പാസാക്കിയത് കോൺഗ്രസ് പ്രവർത്തക സമിതിയാണെന്നും അതിൽ നെഹ്റു മാത്രമല്ല ഉണ്ടായിരുന്നതെന്നും ഖാർഗെ പറഞ്ഞു.
' ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരവസരവും പ്രധാനമന്ത്രി നഷ്‌ടപ്പെടുത്തുന്നില്ല. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വന്ദേമാതരത്തിന്റെ പ്രധാനഭാഗങ്ങൾ നീക്കം ചെയ്‌തതായി പ്രധാനമന്ത്രി ആരോപിച്ചു. 1937ൽ കോൺഗ്രസ് പ്രവർത്തക സമിതി ഒരു പ്രമേയം ഏകകണ്ഠമായി പാസാക്കി. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവു എന്ന് ശുപാർശ ചെയ്യുന്ന പ്രമേയമായിരുന്നു അത്. നെഹ്റു, മഹാത്‌മാ ഗാന്ധി, മൗലാനാ അബ്‌ദുൽ കലാം ആസാദ്, സർദാർ പട്ടേൽ തുടങ്ങി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളാണ് ഈ പ്രമേയം പാസാക്കിയത്. കോൺഗ്രസ് സമിതിയിൽ നെഹ്‌റു ഒറ്റയ്‌ക്കായിരുന്നോ? നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത്?' മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
വന്ദേമാതരം സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യമാണെന്നും നിസഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോൾ കോൺഗ്രസിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികൾ വന്ദേമാതരം ചൊല്ലി ജയിലിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ആ സമയം നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ഭരണകക്ഷി ബഞ്ചിനോടായി അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |