
റിയാദ്: വിഷൻ 2030 ലക്ഷ്യമിട്ടുള്ള മെഗാ നിർമ്മാണ പദ്ധതികൾക്കൊപ്പം പ്രതിരോധ മേഖലയിലും വൻ കുതിപ്പിന് കളമൊരുക്കി സൗദി അറേബ്യ. രാജ്യതലസ്ഥാനമായ റിയാദിന്റെ സെൻട്രൽ സെക്ടറിൽ പുതിയ എയർബേസ് തുറന്നു. കിംഗ് സൽമാൻ എയർബേസ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. റിയാദിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വ്യോമതാവളം രാജ്യത്തിന്റെ പ്രതിരോധത്തിന് നിർണായകമാകും. അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ, മിസൈലുകൾ എന്നിവയിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ എയർബേസ് പ്രധാന പങ്ക് വഹിക്കും. ഇതിലൂടെ ഗൾഫ് മേഖലയിലെ പട്രോളിംഗിനും ചെങ്കടലിന്റെ വ്യോമ നിരീക്ഷണത്തിനും സൗദിക്ക് കൂടുതൽ കരുത്ത് പകരും.
1,26,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 38 മാസം കൊണ്ടാണ് കിംഗ് സൽമാൻ എയർബേസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വ്യോമസേനയിലും സൈനിക രംഗത്തും സമൂലമായ മാറ്റങ്ങളാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതലമുറയിൽപ്പെട്ട പോർവിമാനങ്ങൾ അടക്കം ഏറ്റവും നൂതനമായ എയറോനോട്ടിക്കൽ സാങ്കേതികവിദ്യയും പരിശീലന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അയൽരാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്താൽ സൗദിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ ഏറെ ശ്രദ്ധേയമാണ്. അറബ് മേഖലയിലെ ഏറ്റവും ശക്തമായ വ്യോമസേനകളിലൊന്നാണ് സൗദിക്കുള്ളത്. പതിനൊന്നാം സ്ഥാനമാണ് ആഗോളതലത്തിൽ പ്രതിരോധ ശേഷിയിൽ സൗദിക്കുള്ളത്. 30,000ത്തിലധികം സൈനികരും ആയിരത്തിലധികം വിമാനങ്ങളും സൗദി വ്യോമസേനയുടെ ഭാഗമാണ്.
ലോകത്ത് പ്രതിരോധത്തിനായി ഏറ്റവുമധികം ഫണ്ട് ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നുമാണ് സൗദി. വിഷൻ 2030 ലക്ഷ്യമാക്കി പ്രതിരോധ മേഖലയിൽ വലിയ നിക്ഷേപമാണ് രാജ്യം നടത്തുന്നത്. 78 ബില്യൺ ഡോളറാണ് ഈ വർഷത്തെ പ്രതിരോധ ബജറ്റ്. ലോകത്തിലെ അഞ്ചാമത്തെയും അറബ് ലോകത്തെ ഏറ്റവും ഭീമമായ പ്രതിരോധ ബജറ്റാണിത്. സൗദിയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 7.1ശതമാനം പ്രതിരോധ മേഖലയ്ക്കായാണ് ചെലവഴിക്കുന്നത്.
അമേരിക്ക കഴിഞ്ഞാൽ എഫ്-15 യുദ്ധവിമാനങ്ങളുടെ ഏറ്റവും വലിയ ശേഖരം സൗദിക്കാണ് സ്വന്തമായുള്ളത്. എഫ്-15, യൂറോഫൈറ്റർ ടൈഫൂൺ തുടങ്ങിയ പോർവിമാനങ്ങളാണ് സൗദി വ്യോമസേനയുടെ പ്രധാന കരുത്ത്. അമേരിക്കയുമായി 42 ബില്യൺ ഡോളറിന്റെ പുതിയ പ്രതിരോധ കരാർ വഴി അത്യാധുനിക എഫ്-35 വിമാനങ്ങൾ സൗദി വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ ഇസ്രായേലിന് ശേഷം എഫ്-35 സ്വന്തമാക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി സൗദി മാറും.
വിശാലമായി പരന്നു കിടക്കുന്ന രാജ്യത്തിന്റെ വലിപ്പം കാരണം ശക്തമായ വ്യോമസേന സൗദിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. നിലവിൽ ഒമ്പത് വിംഗുകളിലായി ഏഴ് പ്രധാന എയർബേസുകൾ സൗദിക്കുണ്ട്. ചെങ്കടലിൽ വളർന്നു വരുന്ന ഭീഷണികളെ ഫലപ്രദമായി ചെറുക്കുന്നതിലും അറബ് മേഖലയുടെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിലും പുതിയ എയർബേസ് നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |