
ശിവഗിരി: അനാചാരങ്ങൾ തിരികെ വരുന്ന ഈ കാലഘട്ടത്തിൽ ഗുരുദേവ ചിന്തകളുടെ കവചം ധരിച്ച്, മനുഷ്യൻ നന്നായാൽ മതിയെന്ന മഹാമന്ത്രത്തിന്റെ പ്രവാചകരായി നാം മാറണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇതിന് തടസമായ പീഡകളെ തരണം ചെയ്യാനും ഇരുട്ടിന്റെ കോട്ടകളെ ഭേദിക്കാനും ഗുരുദർശനത്തിന്റെ പ്രകാശം വലിയ ആയുധമാണ്.
കേരളകൗമുദിയും ശിവഗിരി മഠവും സംയുക്തമായി സംഘടിപ്പിച്ച ശിവഗിരി പരിണാമതീർത്ഥം സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലത്തെ അനാചാരങ്ങളെയും മാമൂലുകളെയും ഭരണഘടനയുടെയോ നിയമവ്യവസ്ഥയുടെയോ രാഷ്ട്രീയത്തിന്റെയോ പിൻബലമില്ലാതെ ശരിയല്ലെന്നു പറഞ്ഞ ധീരശബ്ദത്തിന്റെ പേരാണ് ഗുരുദേവൻ. സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷം ജനിച്ച പലർക്കും ആ ധീരതയുടെ തോത് മനസിലാവില്ല. ബ്രാഹ്മണ്യത്തിന്റെയും യാഥാസ്ഥിതികതയുടെയും പിടിയിലായിരുന്ന രാജഭരണകാലത്താണ് ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ അകറ്റരുതെന്ന ഉജ്ജ്വല ആശയം ധീരമായി ഗുരുദേവൻ വിളിച്ചു പറഞ്ഞത്. ആത്മീയ സാമൂഹ്യ വിപ്ളവത്തിനാണ് ഗുരുദേവൻ തുടക്കം കുറിച്ചത്. ആ ധീരതയ്‌ക്ക് മുന്നിൽ മുട്ടുമടക്കാനാണ്, സാഷ്ടാംഗം പ്രണമിക്കാനാണ് തോന്നുന്നത്. ഭരണകൂടത്തിന്റെ പള്ളിക്കൂടങ്ങളിൽ താണജാതിക്കാരന് പഠിക്കാൻ കഴിയാതിരുന്നപ്പോഴാണ് ഒരു ജാതി ഒരു മതം എന്ന് ഗുരുദേവൻ ഉറക്കെ പറഞ്ഞത്. ക്ഷേത്രപ്രതിഷ്ഠ ബ്രാഹ്മണ്യത്തിന് മാത്രം വിധിച്ചിരുന്ന കാലത്താണ് ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ഇവിടെ ഉച്ചനീചത്തമില്ലെന്നും എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമെന്നും പറഞ്ഞപ്പോൾ, സോദരത്വമില്ലാതെ നിങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ മാതൃകാ സ്ഥാനമല്ലെന്ന പരോക്ഷ പരാമർശം കൂടിയാണ് ഗുരുദേവൻ സമർത്ഥമായി നടത്തിയത്. വിമർശനത്തിന്റെ സൗമ്യപാഠമാണ് ഇത്.
ഭരണഘടനയിലെ സമത്വം, പൗരാവകാശം തുടങ്ങിയ ആശയങ്ങൾ വരുന്നതിന് സമൂഹത്തെ സജ്ജമാക്കിയതിൽ ഗുരുദേവന്റെ പങ്ക് ചെറുതല്ല. ഗുരുദേവന്റെ കാലഘട്ടമല്ല ഇന്നുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ ചിന്തകളെ ഇന്നത്തെ സമൂഹത്തിലേക്ക് പ്രതിഷ്ഠിച്ചാൽ അവിടെ നമുക്ക് മറ്റൊരു ഗുരുവനെ കാണാനാവും. അയിത്തവും അനാചാരവും ഉച്ചനീചത്വവും ഇപ്പോഴുമുണ്ട്. കോർപ്പറേറ്റു ചൂഷണമാണ് നടക്കുന്നത്. പ്രകൃതിയും മനുഷ്യനും ദൈവവും ഒന്നായി കാണുന്ന ഗുരുവിന്റെ സമഗ്ര ദർശനമാണ് ഇതിനെ ചെറുക്കാനുള്ള ആയുധം. ഗുരുദർശന പ്രചാരണത്തിന് ശ്രദ്ധ കാട്ടുന്ന കേരളകൗമുദി മൂല്യവത്തായ പ്രസ്ഥാനമായി മുന്നോട്ടു പോകുകയാണെന്നും ജയകുമാർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |