
മൂന്നാം ട്വന്റി-20യിൽ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ
ധർമ്മശാല : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
രണ്ട് വിക്കറ്റ് വീതം നേടിയ അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,വരുൺ ചക്രവർത്തി, കുൽദീപ് യാദവ്,ഓരോ വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ,ശിവം ദുബെ എന്നിവർ ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 117ലൊതുക്കിയത്.61 റൺസ് നേടിയ നായകൻ എയ്ഡൻ മാർക്രമിന് (61)മാത്രമാണ് സന്ദർശക ബാറ്റിംഗിൽ പിടിച്ചുനിൽക്കാനായത്. അഭിഷേക് ശർമ്മ (35),ശുഭ്മാൻ ഗിൽ (28), തിലക് വർമ്മ (26*),സൂര്യകുമാർ യാദവ് (12),ശിവം ദുബെ(10*) എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
ഇതോടെ ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 2-1ന് മുന്നിലെത്തി. നാലാം മത്സരം ബുധനാഴ്ച ലക്നൗവിൽ നടക്കും.
ആദ്യ ഓവറിൽതന്നെ റീസ ഹെൻറിക്സിനെ (0) എൽ.ബിയിൽ കുരുക്കി അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ്
നൽകിയത്. ഒരു റൺസ് മാത്രമാണ് അപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നത്. ഇതേ സ്കോറിൽതന്നെ അടുത്ത ഓവറിലെ രണ്ടാം പന്തിൽ ക്വിന്റൺ ഡി കോക്കിനെ ഹർഷിത് റാണ എൽ.ബിയിൽ കുരുക്കി. നാലാം ഓവറിൽ റാണ വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ കൂടാരം കയറിയത് ഡെവാൾഡ് ബ്രെവിസ്(2).ഹർഷിതിന്റെ പന്തിൽ ബ്രെവിസിന്റെ കുറ്റിതെറിച്ചതോടെ സന്ദർശകർ 7/3 എന്ന നിലയിലായി.
തുടർന്ന് നായകൻ മാർക്രം ട്രിസ്റ്റൺ സ്റ്റബ്സിനെ(9)ക്കൂട്ടി ചെറുത്തുനിൽക്കാൻ നോക്കിയെങ്കിലും പവർപ്ളേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ പന്തെടുത്ത ഹാർദിക് പാണ്ഡ്യ സ്റ്റബ്സിനെ കീപ്പർ ജിതേഷിന്റെ കയ്യിലെത്തിച്ചു.പത്തോവർ പിന്നിടുമ്പോൾ 44/4 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 11-ാം ഓവറിന്റെ ആദ്യ പന്തിൽതന്നെ ശിവം ദുബെ അടുത്ത പണിയും നൽകി. കോർബിൻ ബോഷ് (4) ക്ളീൻ ബൗൾഡ്. വരുൺ ചക്രവർത്തി 14-ാം ഓവറിൽ ഡൊണോവൻ ഫെരേരയുടെ(20),16-ാം ഓവറിൽ മാർക്കോ യാൻസന്റേയും (2) കുറ്റിതെറുപ്പിച്ചതോടെ അവർ 77/7എന്ന നിലയിലായി. 19-ാം ഓവറിൽ ടീം സ്കോർ 113ൽ നിൽക്കേ മാർക്രത്തെ അർഷ്ദീപ് മടക്കി അയച്ചു. അവസാന ഓവറിൽ കുൽദീപ് നോർക്യേയേയും (12), ബാർട്ട്മാനേയും (1) പുറത്താക്കി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കർട്ടനിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേകും ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 18 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ അഭിഷേക് ആറാം ഓവറിൽ ടീമിനെ 60 റൺസിലെത്തിച്ച ശേഷമാണ് പുറത്തായത്. തുടർന്ന് മൂന്നാമനായെത്തിയ തിലക് വർമ്മയ്ക്കൊപ്പം 12-ാം ഓവറിൽ 92 റൺസിലെത്തിച്ച് ഗിൽ മടങ്ങി.
ജസ്പ്രീത് ബുംറയ്ക്കും അക്ഷർ പട്ടേലിനും പകരം ഹർഷിത് റാണയ്ക്കും കുൽദീപ് യാദവിനും അവസരം നൽകിയെങ്കിലും സഞ്ജു സാംസണ് ഇന്നലെയും പ്ളേയിംഗ് ഇലവനിലെത്താൻ കഴിഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |