
കണ്ണൂർ: വീട്ടുകിണറ്റിലെ വെള്ളത്തിൽ ഡീസലിന്റെ സാന്നിദ്ധ്യമെന്ന് സംശയം. പള്ളിക്കുന്നിലെ ജയ് ജവാൻ റോഡിൽ പിഡബ്ല്യുഡി മുൻ എക്സിക്യൂട്ടീവ് എൻജിനിയർ സി എച്ച് സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിനാണ് നിറം മാറ്റവും മണവും അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുകാരും അയൽക്കാരും വെള്ളം കോരിയെടുത്ത് ബക്കറ്റിലൊഴിച്ചു. തീപ്പെട്ടിയുരച്ചതും തീ ആളിക്കത്തി. സമീപത്തെ വീടുകളിലെ കിണറ്റിലൊന്നും ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല. സുരേന്ദ്രന്റെ വീട്ടിലെ കിണറിന് 35 വർഷത്തിലേറെ പഴക്കമുണ്ട്. കൊടും വേനലിലും അഞ്ച് പടവ് വരെ വെള്ളം ഉണ്ടാകാറുണ്ട്.
ഈ സംഭവം ഉണ്ടാകുന്നതിന് മുമ്പുവരെ ഈ കിണറ്റിലെ വെള്ളം തന്നെയായിരുന്നു വീട്ടുകാർ കുടിച്ചിരുന്നത്. നിലവിൽ അയൽവീടുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ വീടിനടുത്ത് ജയിൽവകുപ്പിന്റെ ഇന്ധനപമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നിന്നുള്ള ഡീസൽ വെള്ളത്തിൽ കലർന്നതാണോയെന്നാണ് സംശയിക്കുന്നത്. കോർപറേഷൻ അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വീട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |