
ന്യൂഡൽഹി: കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) പേര് മാറ്റാനുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം. ബില്ലിനെ ദി വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് വിളിക്കുന്നത്. ചുരുക്കി വിബി ജി റാം ജി എന്ന് വിളിക്കുന്നു. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സർക്കാർ പറയുന്നത്.
2005-ൽ അന്നത്തെ യുപിഎ സർക്കാർ ആരംഭിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി 2009ലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി തൊഴിലാളികൾ പദ്ധതിയുടെ ഭാഗമായി. നിലവിൽ 100 ദിവസം ഉറപ്പ് നൽകുന്ന ജോലി 125 ആയി ഉയർത്താനാണ് പുതിയ ബില്ലിലെ നിർദേശം. ജോലി പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിലോ 15 ദിവസത്തിനുള്ളിലോ തൊഴിലാളികൾക്ക് പണം നൽകണമെന്ന് പുതിയ ബില്ലിൽ പറയുന്നു. സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിനും വ്യവസ്ഥയുണ്ട്.
പദ്ധതിക്ക് കീഴിലുള്ള ജോലികളെ ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുമെന്ന് പുതിയ ബിൽ നിർദ്ദേശിക്കുന്നു. സുതാര്യത ഉറപ്പാക്കാൻ, ബയോമെട്രിക്സും ജിയോടാഗിംഗും ഉപയോഗിക്കും. വിവിധ തലങ്ങളിൽ പരാതി പരിഹാരത്തിനുള്ള വ്യവസ്ഥയുമുണ്ട്.
അതേസമയം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി ചോദിച്ചു. പദ്ധതിയുടെ ഭാഗമായ എല്ലാ സൗകര്യങ്ങളും മെച്ചപ്പെടുത്തുമ്പോഴും സർക്കാർ പേരുമാറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലജ്ജാകരമാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പേര് മാറ്റുമ്പോൾ വലിയ രീതിയിലുള്ള പേപ്പർ വർക്കുകൾ നടത്തേണ്ടി വരുന്നു. അതിന് ധാരാളം ചെലവ് വരും. എന്തിനാണ് ഇത്തരത്തിൽ സമയവും പൊതുജനത്തിന്റെ പണവും ചെലവാക്കുന്നു' പ്രിയങ്കാ ഗാന്ധി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |