
ജനുവരി ആദ്യവാരം പാക്കപ്പ്
ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 യുടെ തുടർചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ് ചിത്രീകരണം. വിനായകൻ,സൈജു കുറുപ്പ്, സണ്ണി വയ്ൻ, വിജയ് ബാബു,ഇന്ദ്രൻസ്, രൺജി പണിക്കർ,ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ,ഫുക്രു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
തമിഴ് നാട്ടിലെ തിരുച്ചെന്തൂരിൽനിന്നാണ് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്തത്. തിരുവനന്തപുരത്തെ ചിത്രീകരണത്തിന് ശേഷം ആലപ്പുഴയിലേക്ക് ഷിഫ്ട് ചെയ്യും. ജനുവരി ആദ്യവാരം ചിത്രീകരണം പൂർത്തിയാകും. നേരത്തേ പ്രഖ്യാപിച്ചതു പോലെ ത്രീ ഡി ഫോർമാറ്റിലല്ല ചിത്രം ഒരുങ്ങുന്നതെന്നറിയുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിക്കുന്ന ആട് 3 യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജ് ആണ്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട് : ഒരു ഭീകരജീവിയാണ്. ഒരു റോഡ് മൂവിയായി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിലൂടെയും മറ്റും ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ഇടയിൽ തരംഗമായി മാറി. 2017ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മിച്ചത്. അതേസമയം ഷാൻ റഹ്മാൻ ആണ് ആട് 3 യുടെ സംഗീത സംവിധായകൻ.
ചിത്രസംയോജനം - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു .ജി.സുശീലൻ. മാർച്ചിൽ തിയേറ്രറിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |