
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ നിലമേൽ വാഴോട് വച്ച് വൈകീട്ട് 6.20ഓടെയാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന മരിച്ച രണ്ടുപേരും തിരുവനന്തപുരം പൂജപ്പുര സ്വദേശികളാണ്. ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാറിലുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കാർ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |