SignIn
Kerala Kaumudi Online
Tuesday, 16 December 2025 6.32 PM IST

വൻ വികസനങ്ങൾക്കിടയിൽ മറന്നുപോകുന്നത്

Increase Font Size Decrease Font Size Print Page

s

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഫലം വന്നുകഴിഞ്ഞു. ഇനി പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പൊതുവേ മുഴങ്ങിക്കേട്ടത് വൻകിട പദ്ധതികളാണ്. നഗരങ്ങളിലാണെങ്കിൽ അത്യാധുനിക ഗതാഗതപദ്ധതികളും മെട്രോനഗരങ്ങളെ അനുകരിച്ചുളള വികസനങ്ങളുമായിരുന്നു മുന്നണികൾ പ്രകടനപത്രികയിൽ ചൂണ്ടിക്കാണിച്ചത്. ഗ്രാമങ്ങളിൽ പുതിയ കാലത്തിനും ന്യൂജനറേഷനും വേണ്ടിയുളള പദ്ധതികളുമായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വാഗ്ദാനങ്ങളായി നൽകിയത്. പക്ഷേ, വൻകിട പദ്ധതികൾ മാത്രം മതിയോ? വാർത്താപ്രാധാന്യവും സാമൂഹ്യമാദ്ധ്യമങ്ങളുടെ ശ്രദ്ധയും കിട്ടില്ലെന്ന് കരുതി അടിസ്ഥാനസൗകര്യങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിലും ഭിന്നശേഷിക്കാരുടെ യാതനകളിലും മുന്നണികൾ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറഞ്ഞാൽ അതിൽ വസ്തുതയുണ്ട്.

പോളിംഗ് ദിനത്തിൽ തന്നെ കേരളത്തിൽ വോട്ട് ചെയ്യാനാവാത്ത എത്ര ഭിന്നശേഷിക്കാരുണ്ടെന്ന കണക്കെടുത്തു നോക്കിയാൽ നമ്മുടെ സംസ്ഥാനം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണെന്ന് വ്യക്തമാകും. വീൽ ചെയർ കയറ്റാൻ റാമ്പില്ലാത്തതിനാൽ റിട്ടയേഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്കു പോലം തൃശൂരിൽ വോട്ടു ചെയ്യാനായില്ല. കോലഴി പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടറായ സീന ജേക്കബാണ് വോട്ടു ചെയ്യാതെ മടങ്ങിയത്. ആട്ടോർ എൽ.പി. സ്കൂളിലെ ക്ളാസ് മുറിയിലായിരുന്നു വോട്ട്. ഭർത്താവിനൊപ്പം മൂന്നുമണിയോടെ സ്കൂളിലെത്തിയപ്പോഴാണ് റാമ്പില്ലെന്ന് അറിയുന്നത്. ക്ളാസ് മുറിയ്ക്ക് പുറത്ത് വോട്ടു ചെയ്യാനുളള സൗകര്യവും ഒരുക്കിയില്ലെന്ന് സീന ടീച്ചർ പറയുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഇ മെയിലിൽ പരാതിയും നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ റാമ്പുകളുളള ക്ളാസ് മുറികളുണ്ടായിരുന്നു. മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ചാണ് കാലിന്റെ ചലന ശേഷി കുറഞ്ഞ് ടീച്ചറുടെ ജീവിതം ചക്രക്കസേരയിലായത്. 1995ൽ അദ്ധ്യാപികയായി. രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. പിന്നീട് വിദ്യാഭ്യാസ ഉപഡയറക്ടറായി. മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥയ്ക്കുള്ള സർക്കാർ പുരസ്‌കാരവും, മികച്ച അദ്ധ്യാപികയ്ക്കുള്ള 2019 ലെ കർമ്മശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വങ്ങളോടു പോലും ഇങ്ങനെയാണ് സമീപനം. ഭിന്നശേഷി സൗഹൃദമെന്ന് ആവർത്തിച്ച് പറയുമ്പോഴും അവർക്കുളള സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ പോലും തയ്യാറാകുന്നില്ലെന്ന് ചുരുക്കം.

വിദ്യാർത്ഥികളെ ചേർത്തുപിടിക്കണ്ടേ?

അവധിക്കാലങ്ങളിൽ പുസ്തകങ്ങൾ വായിച്ച് ഭാവനാലാേകത്ത് വിഹരിച്ചിരുന്ന വലിയൊരു വിദ്യാർത്ഥി സമൂഹം നമ്മുടെ നാട്ടിലുണ്ടായിരുന്നു. മാനുഷികതയും ധാർമ്മികമൂല്യങ്ങളും സ്വഭാവശുദ്ധിയുമെല്ലാം മുൻതലമുറകൾ ആർജ്ജിച്ചിരുന്നത് വായനയിലൂടെയായിരുന്നു. പക്ഷേ, ഇന്ന് കൊച്ചുഗ്രാമങ്ങളിൽ പോലും വായനയേയും സാഹിത്യസാംസ്കാരിക പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന എത്ര പരിപാടികൾ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്ന് ഓർക്കണം. ഫണ്ട് ശേഖരണത്തിനുളള ഇവന്റുകളിലാണ് എല്ലാ രാഷ്ട്രീയനേതാക്കളുടേയും ഭരണാധികാരികളുടേയും ശ്രദ്ധ. പ്രതികൂല ജീവിത സാഹചര്യങ്ങളേയും സർഗാത്മകത കൊണ്ട് നമുക്ക് നേരിടാനാകും. അതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാൻ നിരവധി എഴുത്തുകാരുണ്ട്. ചുറ്റും യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങളും നിലവിളികളുമായിരിക്കുമ്പോൾ പോലും സർഗാത്മകത ചിലപ്പോൾ സമാധാനം കൊണ്ടുവന്നേക്കും. കാർഗിലിലും രാജ്യാതിർത്തികളിലുമെല്ലാം വെടിയൊച്ചകൾ മുഴങ്ങുമ്പോൾ ആർമി ക്വാർട്ടേഴ്‌സിലിരുന്ന് പുസ്തകങ്ങൾ എഴുതിയിരുന്ന എഴുത്തുകാരിയാണ് ദീപ്തി മേനാേൻ. അച്ഛൻ ലെഫ്റ്റനന്റ് കേണൽ ഈശ്വരചന്ദ്രൻ. ജീവിതപങ്കാളി കേണൽ ഗോപിനാഥ് മേനോൻ. ആർമി ക്വാർട്ടേഴ്‌സുകളിൽ കഴിഞ്ഞ ബാല്യകൗമാരങ്ങൾ. വിവാഹാനന്തരം ഭർത്താവിനൊപ്പം യുദ്ധമേഖലകളിൽ ജീവിച്ച നാളുകൾ. ഉറക്കത്തിൽപ്പോലും ഞെട്ടിയുണർന്നുപോകുന്ന സ്‌ഫോടനശബ്ദങ്ങൾ. ആ മനോസംഘർഷങ്ങളെയെല്ലാം ദീപ്തി മേനോൻ സർഗാത്മകവും ദീപ്തവുമാക്കി. അതുകൊണ്ടു തന്നെ എഴുതിയതിൽ ഏറെയും ത്രില്ലറുകളായിരുന്നു. പത്താം വയസ്സിൽ എഴുതാൻ തുടങ്ങിയതാണ് ദീപ്തിമേനോൻ. രാജ്യത്തെ പലയിടങ്ങളിൽ ജീവിച്ച് അവർ എഴുത്തും അദ്ധ്യാപനവും തുടർന്നു. ജീവിതം വളരെ ചെറുതാണെന്നും അതിനെ മൂല്യവത്താക്കാൻ സർഗാത്മകമാക്കണമെന്നും അവർ വിദ്യാർത്ഥിസമൂഹത്തോട് പറയുന്നു.

കരുത്തുണ്ട്, പക്ഷേ....

വിദ്യാഭ്യാസം മാത്രമല്ല ആരോഗ്യവും തൊഴിലുമെല്ലാം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ട്. പക്ഷേ, തദ്ദേശസ്ഥാപനങ്ങളുടെ കരുത്ത് തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്നില്ലെന്ന് വേണം കരുതാൻ. ജീവീതശൈലി രോഗങ്ങളുള്ളവർക്കും ആധുനിക ചികിത്സാരീതികൾ ഉപയോഗിക്കുന്നവർക്കും ഒരേസമയം യോഗ അടക്കം ശീലിച്ചും ആയുർവേദവും ആരോഗ്യപരമായ ആഹാരരീതികളും പിന്തുടർന്ന് ആധുനിക മരുന്നുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും ആരോഗ്യനിലവാരം ഉയർത്താനുമാകും. അതിനുളള പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾ നടത്തേണ്ടതുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന യോഗ ട്രെയിനർമാർക്കും തെറാപ്പിസ്റ്റുകൾക്കും ആശാവർക്കർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മാന്യമായ ശമ്പളം പോലും സർക്കാർ നൽകാതെ വരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ അവരുടെ ഇടപെടൽ കണക്കാക്കി തദ്ദേശസ്ഥാപനങ്ങളും സാമ്പത്തികസഹായം നൽകാൻ തയ്യാറാകേണ്ടതുണ്ട്. രോഗപ്രതിരോധ പരിപാടികൾ ഏറ്റെടുക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. രണ്ട് വർഷം മുൻപാണ്, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു വാർഡിൽ ചുരുങ്ങിയത് 15 പേർക്കെങ്കിലും ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുന്ന യോഗ ക്ളബുകൾ തുടങ്ങാനുളള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1,000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം. കൂടിവരുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സ്‌ട്രോക്ക് എന്നിവയെപ്പറ്റി കൃത്യമായ അവബോധം നൽകുന്നതിനും അവയെ പ്രതിരോധിക്കുന്നതിന് യോഗ പരിശീലനത്തോടുകൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനുമായിരുന്നു ക്ലബുകൾ. ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശമെത്തിക്കാൻ പരമാവധി വാർഡുകളിൽ ക്ലബുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ക്ലബുകൾ തുടങ്ങാനാകും. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ വനിതാ യോഗാ ക്ലബുകളും തുടങ്ങിയിരുന്നു. പക്ഷേ, ഇത്തരം പദ്ധതികളിൽ നിന്നെല്ലാം തദ്ദേശസ്ഥാപനങ്ങൾ പിൻമാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.