
കോട്ടയം : കേരള കോൺഗ്രസ്- എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തി പരസ്യമാക്കി ജോസഫ് വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയുടെ പാർട്ടി തോറ്റ് തുന്നം പാടി നിൽക്കുന്ന സാഹചര്യത്തിൽ അവരുടെ പിറകെ നടക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വിഭാഗം എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ യു.ഡി.എഫ് വിജയത്തോടെ കേരള കോൺഗ്രസ് -എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഉപതിരഞ്ഞെടുപ്പുകളിലും, ലോക്സഭാ തിരഞ്ഞെടുപ്പിലും മാണി വിഭാഗം ഇല്ലാതെയായിരുന്നു യു.ഡി.എഫ് വൻവിജയം നേടിയത്. ശക്തി ക്ഷയിച്ചവരെ മുന്നണിയിലേക്ക് കൊണ്ടു വരുന്നത് നിഷ്ഫലമാണെന്ന് മോൻസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയ നേതാക്കൾ കേരള കോൺഗ്രസ് -എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. മദ്ധ്യകേരളത്തിൽ കൂടുതൽ നിയമസഭ സീറ്റുറപ്പിക്കാൻ ഇത് സഹായിക്കുമെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ.
എൽ.ഡി.എഫ്
വിടില്ലെന്ന് ജോസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം കൂടിയതല്ലാതെ പാർട്ടിക്ക് ദോഷമുണ്ടായിട്ടില്ലെന്നും, എൽ.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നുമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. അതേസമയം എൽ.ഡി.എഫിൽ തുടരുന്നതിൽ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർക്കും, ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്കും എതിർപ്പുണ്ട്. മാണി ഗ്രൂപ്പ് വന്നാൽ നിയമസഭയിൽ തങ്ങൾക്കുള്ള സീറ്റും, പരിഗണനയും കുറയുമെന്നതാണ് ജോസഫ് വിഭാഗത്തിന്റെ എതിർപ്പിന് പിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |