
ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ കൃത്യമായി ഇടപെട്ടപ്പോൾ നിലവിലുണ്ടായിരുന്ന ജനപ്രതിനിധികൾക്ക് കിട്ടിയത് ചിമിട്ടൻ പണിയാണ്. കഴിഞ്ഞ അഞ്ചുവർഷവും ജനങ്ങളുമായി കാര്യമായ സഹവാസമില്ലാതിരുന്നവരെയും തലക്കനം കാണിച്ചവരെയും വേരൊടെ പിഴുതെറിഞ്ഞുകൊണ്ടാണ് വോട്ടർമാർ ജനാധിപത്യോത്സവം അങ്ങ് ആഘോഷിച്ചത്. ഇതിൽ നിലവിലുണ്ടായിരുന്ന ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ ചെയർപേഴ്സന്മാർ എന്നിവർ നിലം പൊത്തി. ജനങ്ങളാണ് ജനാധിപത്യ പ്രകിയയിൽ രാജാവെന്ന് അഞ്ച് വർഷത്തിനിടയിൽ ഒരു ദിവസമാണെങ്കിലും തെളിയിക്കാൻ കഴിഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഏറ്റവും മുകളിലുള്ള ജില്ലാ പഞ്ചായത്തിന്റെ തലവൻ മുതൽ താഴെ തട്ടിലുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമാർവരെ ജനങ്ങളുടെ അധികാരത്തിന് മുന്നിൽ കമിഴ്ന്നടിച്ച് വീണു. ഇതുകൂടാതെ ജില്ലയിലെ നഗരസഭയുടെ തലവന്മാരായ ചെയർപേഴ്സൻമാരും തലയും കുത്തി വീണു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ ടി.കെ.രമേശ്, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ വിനോദ്കുമാർ,സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ,മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അഫ്സത്ത്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ തുടങ്ങി ജനങ്ങളിൽ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നവരുടെ നിര നീളുകയാണ്. പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റുമാരും ഡെപ്യൂട്ടി ചെയർ പേഴ്സൺമാരും പരാജയത്തിന്റെ കൈപ്പുനീര് കുടിച്ചു.
പതനത്തിന് കാരണം തരംഗവും തലക്കനവും
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ഉണ്ടായിരുന്നുവെന്ന് പറയുമ്പോഴും യു.ഡി.എഫിന്റെ പല പ്രമുഖരായ ജില്ലാ നേതാക്കളും നിലം പൊത്തി. അതെ സമയം തരംഗത്തിൽപ്പെട്ടോ തലക്കനത്തിലോ മതിമറന്ന എൽ.ഡി.എഫ് നേതാക്കളും നിലം പതിച്ചു. ഡി.സി.സി സെക്രട്ടറി നിസി അഹമ്മദ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.പി. അയൂബ്,ബി.ജെ.പി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, കോൺഗ്രസിന്റെ ജില്ലാ മണ്ഡലം ഭാരവാഹികളായ ഷാജി ചുള്ളിയോട്, കെ.ആർ. സാജൻ, രാധാകൃഷ്ണൻ എന്ന ബാബു പഴുപ്പത്തൂർ, ലീഗ് മുൻസിപ്പൽ കൺവീനർ ഷബീർ അഹമ്മദ്, സി.പി.എം മീനങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന എൻ.പി. കുഞ്ഞുമോൾ തുടങ്ങി ജനങ്ങൾ പണികൊടുത്ത നേതാക്കളുടെ നിര നീളുകയാണ്.
സീറ്റ് പിടിച്ച് വാങ്ങിയവരും പാർട്ടി നേതൃത്വത്തെ സ്വാധീനിച്ച് മത്സരിക്കാൻ നിന്നവരും അധികാരം തലയ്ക്ക് പിടിച്ച് ഒഴിഞ്ഞ് മാറാൻ കൂട്ടാക്കാതിരുന്നവരെയുമാണ് വോട്ടർമാർ ചിമിട്ടൻ പണികൊടുത്ത് മൂലക്കിരുത്തിയത്. അതെസമയം ജനങ്ങളുടെ അംഗീകാരത്തോടെ നിന്നവർ മുന്നണിപോലും നോക്കാതെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ടു. വോട്ടർമാർ തോൽപ്പിച്ചുവിട്ടവർ പരസ്പരം കൂട്ടലും കിഴിക്കലും നടത്തി ആരോപണ പ്രത്യാരോപണങ്ങൾ നടത്തി വരുകയാണ്. പോൾ ചെയ്ത വോട്ടിന്റെയും കിട്ടിയ വോട്ടിന്റെയും കണക്ക് വെച്ച് മുന്നണികളെല്ലാം വോട്ട് വർദ്ധിച്ചുവെന്ന അവകാശമാണ് ഉയർത്തുന്നത്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വോട്ടിംഗ് നിലയിൽ ചെറിയ വിത്യാസമേയുള്ളുവെന്ന് പറയുമ്പോൾ എൻ.ഡി.എയാകട്ടെ ജില്ലയിൽ നല്ല വളർച്ചയുണ്ടായെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതിന് ഇവർ തെളിവായി ഉയർത്തിക്കാട്ടുന്നത് പഞ്ചായത്തുകളിലും നഗരസഭകളിലും എൻ.ഡി.എയ്ക്ക് സീറ്റ് നേടാൻ കഴിഞ്ഞുവെന്നതാണ്.
ഇനി ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
വോട്ടിംഗ് നില വെച്ച് യു.ഡി.എഫ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കണക്കുകൾ നിരത്തി പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി ഒഴികെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും നിലവിൽ യു.ഡി.എഫിന്റെ കയ്യിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫിന് ഉയർന്ന ഭൂരിപക്ഷം ലഭിച്ചത് മാനന്തവാടി മണ്ഡലത്തിലാണ്. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലമാണിത്. 11548 വോട്ടാണ് എൽ.ഡി.എഫിനേക്കാൾ അധികമായി യു.ഡി.എഫ് നേടിയത്. മണ്ഡലത്തിലാകെ യു.ഡി.എഫ് 73680 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 62132 വോട്ടാണ്. എൻ.ഡി.എയ്ക്ക് 20238 വോട്ടും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മാനന്തവാടിയിൽ ലഭിച്ചത് 72536 വോട്ട്. യു.ഡി.എഫിനേക്കാൾ 9282 വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു.
യുഡിഎഫിന്റെ കോട്ടയായ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ 2781 വോട്ട് മാത്രമെ കൂടുതലായി നേടാനായുള്ളു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 11822 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 73130 വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 69 255 വോട്ടായിരുന്നു. 3875 വോട്ടിന്റെ വർദ്ധനവാണ് ഉണ്ടായത്. 15198 വോട്ട് ഉണ്ടായിരുന്ന എൻഡിഎ നില മെച്ചപ്പെടുത്തി 28827 വോട്ടാക്കി ഉയർത്തി. കൽപ്പറ്റ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫിന് അധികമായുള്ളത് 10682 വോട്ടുകളാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 5470 വോട്ടുകൾ മാത്രമായിരുന്നു ഭൂരിപക്ഷം. യു.ഡി.എഫ് 79050 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിന് 68368 വോട്ട് മാത്രമെ ലഭിച്ചുളളു. എൻ.ഡി.എ 14 113 വോട്ടിന്റെ സ്ഥാനത്ത് 16727 വോട്ടാക്കി ഉയർത്തി.
വോട്ടിംഗ് നിലയിൽ ഉണ്ടായ മാറ്റവും ഭൂരിപക്ഷവും കണക്ക് കൂട്ടിയാണ് മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പാർട്ടി നേതൃത്വം ഇപ്പോഴെ വിലയിരുത്തുന്നത്. എന്നാൽ, കോൺഗ്രസിലെ മൂപ്പിളമ തർക്കവും അധികാരത്തിന് വേണ്ടിയുള്ള ഗ്രൂപ്പിസവും തുടരുന്ന പക്ഷം ജനങ്ങൾ നിയോജകമണ്ഡലത്തിൽ ആരെ പിന്തുണക്കും എന്ന് കാത്തിരിക്കേണ്ടിവരും. അധികാരത്തിന് വേണ്ടി പരസ്പരമുള്ള പാര പണിയലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പല പ്രമുഖരുടെയും പതനത്തിന് വഴിവെച്ചത്. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ളീം ലീഗുമായി കോൺഗ്രസ് പലയിടത്തും സ്ഥാനമാനത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ഉരസി നിൽക്കുകയാണ്. ഇതിന്റെ മറ്റൊരു മുഖം എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലും ഭാഗികമായിട്ടാണെങ്കിലും ഉണ്ട് . ഇവരെല്ലാം ഇനിയെങ്കിലും മനസിലാക്കേണ്ട ഒരു കാര്യമാണ് ജനാധിപത്യത്തിലെ രാജാവ് വോട്ടറാണന്ന കാര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |