
സ്വപ്നം കണ്ടതിനപ്പുറം നേട്ടങ്ങൾ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല. അത്തരം ഒരു ആഹ്ളാദത്തിന്റെ ഉന്മാദം അനുഭവിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് നേതൃത്വം. കൈവിട്ടു പോയതെല്ലാം തിരിച്ചു പിടിക്കാൻ കഴിഞ്ഞത് പെരുത്ത സന്തോഷമാണ് നൽകുന്നത്. ജില്ലാ പഞ്ചായത്തും മൂന്നോ നാലാേ നഗരസഭയും തങ്ങൾക്ക് ഭരിക്കാൻ കഴിയുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ പകുതിയോളം കിട്ടിയേക്കുമെന്നും കരുതി. പക്ഷെ, അതല്ല സംഭവിച്ചത്. ജനങ്ങളോട് ഏതാനും പൂക്കൾ മാത്രമാണ് യു.ഡി.എഫ് ചോദിച്ചത്. കിട്ടയതോ പൂന്തോട്ടവും. പോരാത്തതിന് പുതിയ തരം ചെടികളെയും കിട്ടി. എട്ട് ബ്ളോക്ക് പഞ്ചായത്തുകളിൽ ഏഴും അൻപത്തിമൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ മുപ്പത്തിനാലും യു.ഡി.എഫ് സ്വന്തമാക്കി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും രണ്ട് നഗരസഭകളും ആറ് ബ്ളോക്ക് പഞ്ചായത്തുകളും മുപ്പത്തിരണ്ട് ഗ്രാമ പഞ്ചായത്തുകളും ജില്ലയിലെ അഞ്ച് നിയമസഭകളും എൽ.ഡി.എഫിനൊപ്പമായിരുന്നു. ആകെക്കൂടിയുള്ള നേട്ടങ്ങൾ കണക്കിലെടുത്ത് ജില്ലയെ ചുവപ്പുകോട്ടയെന്നു വിശേഷിപ്പിച്ചിരുന്നു. പഴയ പ്രതാപത്തിലേക്ക് യു.ഡി.എഫിന് ഒരിക്കലും തിരിച്ചുപോകാൻ കഴിയില്ലെന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചുവരവ്. ജില്ലാ പഞ്ചായത്തിൽ പതിനേഴിൽ പന്ത്രണ്ട് സീറ്റും നേടിയാണ് യു.ഡി.എഫ് വിജയം കൊയ്തത്. നാലിൽ മൂന്ന് നഗരസഭകളും പോക്കറ്റിലാക്കി. എട്ടിൽ ഏഴ് ബ്ളോക്ക് പഞ്ചായത്തുകളിലും അധികാരത്തിലേറി. മുപ്പത്തിനാല് ഗ്രാമ പഞ്ചായത്തുകളിൽ അധികാരത്തിലേറാൻ കഴിഞ്ഞത് യു.ഡി.എഫ് വിജയത്തിന്റെ തിളക്കമേറ്റി. സി.പി.ഐയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ജില്ലാ പഞ്ചായത്ത് അംഗത്തെ അതേ ഡിവിഷനിൽ നിന്ന് കോൺഗ്രസിൽ ടിക്കറ്റിൽ വിജയിപ്പിച്ചു.
ഒറ്റക്കെട്ടായി കോൺഗ്രസ്
യു.ഡി.എഫിന്റെ ഈ വിജയത്തിന് പിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ട്. കോൺഗ്രസിനുള്ളിലെ കെട്ടുറപ്പാണ് അതിൽ പ്രധാനം. മുൻപെങ്ങും കാണാത്ത ഐക്യത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സെമി കേഡർ പാർട്ടി എന്ന പുതിയ സംവിധാനം അപ്പാടെ നടപ്പാക്കിയ ആദ്യ ജില്ലയാണ് പത്തനംതിട്ട. വാർഡ് തലം മുതലുള്ള കമ്മറ്റികൾ പുന:സംഘടിപ്പിച്ച് എല്ലാവർക്കും തിരിച്ചറിയൽ രേഖകൾ നൽകി. മണ്ഡലം, ബ്ളോക്ക് കമ്മറ്റികൾ കൃത്യമായും പരാതികൾക്ക് ഇടമില്ലാതെയും പുന:സംഘടിപ്പിച്ചു. ഗ്രൂപ്പ് വീതം വയ്ക്കലുകൾ പാടെ ഇല്ലാതാക്കി. നേതാക്കളുടെ ശുപാർശകൾക്ക് വിലക്ക് ഏർപ്പെടുത്തി. കെട്ടും മട്ടും ആകെ പരിഷ്കരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ വിജയകരമായി സമരമുഖം തുറന്നു. തിരഞ്ഞെടുപ്പിൽ സ്വർണക്കൊള്ളയും വിലക്കയറ്റവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും പ്രചാരണ വിഷയമാക്കുന്നതിൽ യു.ഡി.എഫ് വിജയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പഴയതുപോലെയുള്ള പരാതികളും പൊട്ടിത്തെറികളുമില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായി എന്ന ഫീലോടുകൂടിയാണ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. പാർട്ടിയെ ഐക്യത്തോടെ കെട്ടിപ്പടുത്തതിന് പിന്നിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃപാടവമുണ്ട്. പാചകത്തിലെ പഴയിടം രുചിപോലെ കൊച്ചുപറമ്പിലിന്റെ നേതൃശൈലി അസാധാരണമാണ്. വലിയ ബഹളമില്ലാത, ഏതു പിരിമുറുക്കം നിറഞ്ഞ സാഹചര്യത്തെയും ശാന്തമായി നേരിടുന്ന അദ്ദേഹത്തിന്റെ പ്രകൃതം വിശേഷപ്പെട്ടതാണ്. ആര് പ്രകോപിപ്പിച്ചാലും ആക്ഷേപിച്ചാലും കുലുങ്ങാത്ത നയചാതുരി അദ്ദേഹത്തെ പൊതുസ്വീകാര്യനാക്കി. കാഴ്ചയിലും സംസാരത്തിലും സൗമ്യനായ അദ്ദേഹത്തെ കാണുമ്പോൾ ഏതു ക്ഷിപ്രകോപിയും മിണ്ടാതെ മടങ്ങിപ്പോകും. നേതാക്കളെയും പ്രവർത്തകരെയുമെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്നതാണ് സതീഷ് കൊച്ചുപറമ്പിലിന്റെ വിജയം. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്.
കോൺഗ്രസിൽ കണ്ടത് സി.പി.എമ്മിൽ കാണുമ്പോൾ
എല്ലാക്കാലത്തും തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം കോൺഗ്രസിൽ ഉണ്ടാകാറുള്ള പൊട്ടിത്തെറി ഇക്കുറി സി.പി.എമ്മിനുള്ളിലാണ് സംഭവിക്കുന്നത്. മെഴുവേലിയിൽ മുൻ എം.എൽ.എ കെ.സി. രാജഗോപാലൻ ഇരുപത്തിയെട്ട് വോട്ടിന് മാത്രം കരപറ്റിയത് സി.പി.എമ്മിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനെതിരെ രാജഗോപാലൻ കടുത്ത വിമർശനമുന്നയിച്ചു. കാലുവാരിയായ സ്റ്റാലിൻ പത്രവും മാസികയും വായിക്കാത്തവനെന്നും സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് അയാൾക്ക് അറിയില്ലെന്നും രാജഗോപാലൻ തുറന്നടിച്ചു. സി.പി.എമ്മിലെ മൂടുതാങ്ങികളെ ഒതുക്കിയില്ലെങ്കിൽ പാർട്ടിക്ക് വലിയ ദോഷമുണ്ടാകുമെന്നും അദ്ദേഹം നിലപാട് കടുപ്പിച്ചു. അതേസമയം, രാജഗോപാലന്റെ പരാമർശം പാർട്ടി സംഘടനാ തത്വങ്ങൾക്ക് എതിരാണെന്നും പാർട്ടി ഘടകങ്ങളിലാണ് പരാതി പറയേണ്ടതെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി തിരിച്ചടിച്ചു. വിമർശനം ഉന്നയിക്കേണ്ടത് പാർട്ടി ഘടകങ്ങളിലാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും ഓർമിപ്പിച്ചു. എന്നാൽ, എന്തു സംഭവിച്ചാലും തന്റെ പരസ്യനിലപാടിൽ മാറ്റമില്ലെന്ന് രാജഗോപാലൻ പറയുന്നു. അതേസമയം, എഴുപത്തിയഞ്ച് പിന്നിട്ട രാജഗോപാലൻ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കേണ്ടതായിരുന്നുവെന്നാണ് മെഴുവേലിയിലെ പാർട്ടി പ്രവർത്തകരുടെ പൊതു നിലപാട്. മുൻ എം.എൽ.എ ആയിരുന്നയാൾ പഞ്ചായത്തിലേക്ക് മത്സരിച്ചത് പ്രസിഡന്റാകാനുള്ള മോഹം കൊണ്ടാണെന്ന് ഒരു വിഭാഗം പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കഷ്ടിച്ചു ജയിച്ച രാജഗോപാലന് പ്രസിഡന്റാകാനുള്ള യോഗമുണ്ടായില്ല. കഴിഞ്ഞ പതിനഞ്ച് വർഷത്തെ എൽ.ഡി.എഫ് ഭരണം ഇപ്പോൾ യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുകയാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിലും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ സി.പി.എമ്മിനുള്ളിലെ പ്രാദേശിക വിഭാഗീയതകൾ പരസ്യപ്പോരിലേക്ക് എത്താനുള്ള സാദ്ധ്യതയേറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |