
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ .മുന്നണി വിപുലീകരണ ചർച്ചകൾ ആരംഭിക്കാൻ യു.ഡി.എഫ്. നിലവിലുള്ള ഘടക കക്ഷികളെ ചേർത്തു നിർത്തുന്നതിനോടൊപ്പം പുതിയ പാർട്ടികളെയും ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാണ് ശ്രമം.
കേരള കോൺഗ്രസിനെയും (എം) ,ആർ.ജെ.ഡിയെയുമാണ് യു.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് പറഞ്ഞെങ്കിലും ആർ.ജെ.ഡി നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത 22 ന് കൊച്ചിയിൽ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ വിപുലീകരണ സാധ്യതകൾ വിലയിരുത്തും.യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻെ്റ പ്രസ്താവനയാണ്
വിപുലീകരണ ചർച്ചയ്ക്ക് തുടക്കമിട്ടത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് യു.ഡി.എഫിലെത്തണമെന്ന തരത്തിൽ മുതിർന്ന നേതാക്കൾ കൂടി അഭിപ്രായം പ്രകടിപ്പിച്ചതോടെ മുന്നണി വികസനം പരസ്യ ചർച്ചയായി.
അതേ സമയം,മുന്നണിക്കുള്ളിൽ തന്നെ ജോസ് കെ മാണി വാഭാഗത്തെ സ്വീകരിക്കുന്നതിൽ
എതിർപ്പുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മാണി വിഭാഗം മുന്നണിയിലേക്ക് വരേണ്ടതില്ലെന്നാണ് പി.ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട് . ഇതേത്തുടർന്ന്, മുന്നണി വിപുലീകരണത്തിന് ആരുടെയും പിന്നാലെ പോയിട്ടില്ലെന്ന് വ്യക്തമാക്കി വി.ഡി.സതീശൻ വിഷയം മയപ്പെടുത്തി.
ഇടതു മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനാൽ കടുത്ത
തീരുമാനമെടുക്കേണ്ടി വരുമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയാംസ് കുമാർ പാർട്ടി കൺവെൻഷനിൽ പറഞ്ഞിരുന്നു. എന്തും സഹിച്ച് മുന്നണിയിൽ നിൽക്കാൻ കഴിയില്ലെന്ന ശ്രേയാംസ് കുമാറിൻെ്റ വാക്കുകൾ എൽ.ഡി.എഫ് വിടുമെന്ന സൂചനയാണ് നൽകിയത്. ആർ.ജെ.ഡിയുമായി അനൗദ്യോഗിക ചർച്ചകൾ നടത്താനാണ് യു.ഡി.എഫ് തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വേണ്ടത്ര ഗുണം യു.ഡി.എഫ് കൂട്ടുകെട്ടിൽ ഉണ്ടായില്ലെന്ന ധാരണ ആർ.എസ്.പിക്കുണ്ട്. കേരള കോൺഗ്രസും (ജോസഫ്) അത്ര സന്തുഷ്ടരല്ല. വിപുലീകരണത്തോടൊപ്പം കൊഴിഞ്ഞു പോക്ക് തടയാനും യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക മുസ്ലീം ലീഗിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |