
ആണവ ആയുധങ്ങൾ നിർമ്മിക്കുന്നതിന് വൻ ശക്തികൾ ചെലവഴിച്ച ധനത്തിന്റെയും പ്രയത്നത്തിന്റെയും ചെറിയൊരു ശതമാനം ആണവോർജ്ജ ഉത്‌പാദനത്തിനായി നിക്ഷേപിച്ചിരുന്നെങ്കിൽ ലോകത്തിന്റെ ഊർജ്ജ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കാനാവുമായിരുന്നു. എന്നാൽ, വൈദ്യുതി ഉത്‌പാദനത്തിനായി ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെ പൊതുവെ ലോകമെമ്പാടും ജനങ്ങൾ ഭയക്കുകയും എതിർക്കുകയുമാണ് ചെയ്തുവരുന്നത്. കൂടംകുളത്ത് റഷ്യൻ സഹകരണത്തോടെ ഇന്ത്യ ആണവ നിലയം സ്ഥാപിച്ചത് വർഷങ്ങൾ നീണ്ട പ്രക്ഷോഭം മറികടന്നായിരുന്നു. സുരക്ഷ സംബന്ധിച്ച ആശങ്കകൾ പ്രചരിപ്പിച്ച് ഇതിനെതിരെ പ്രദേശവാസികളെ ഇളക്കിവിട്ടതിനു പിന്നിൽ അമേരിക്കൻ പിന്തുണയുള്ള അന്താരാഷ്ട്ര ലോബി ആയിരുന്നുവെന്നത് പിന്നീട് വെളിച്ചത്തുവന്ന സംഗതിയാണ്. ഇതേ അമേരിക്ക തന്നെയാണ് ഏറ്റവുമധികം ആണവായുധങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
ഇന്ത്യയിൽ ഇതുവരെ ന്യൂക്ളിയർ പവർ കോർപ്പറേഷനാണ് ആണവ നിലയങ്ങൾ നിർമ്മിക്കുന്നതിന്റെയും പ്രവർത്തിപ്പിക്കുന്നതിന്റെയും പൂർണമായ ചുമതലയും അവകാശവും. സ്വകാര്യ മേഖലയെ ഈ രംഗത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയുന്നതായിരുന്നു ഇതുവരെയുണ്ടായ എല്ലാ നിയമങ്ങളും. ഇതിൽ വലിയൊരു പൊളിച്ചെഴുത്ത് വരുത്തിക്കൊണ്ട് സ്വകാര്യ കമ്പനികൾക്കും ആണവോർജ്ജ പ്ളാന്റുകൾ സ്ഥാപിക്കാൻ വഴിയൊരുക്കുന്ന ബിൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ 1962-ലെ ആണവോർജ്ജ നിയമവും 2010-ലെ സിവിൽ ആണവ ബാദ്ധ്യതാ നിയമവും അസാധുവാകും. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആണവ നിലയം സ്ഥാപിക്കാൻ കൂറ്റൻ മുതൽമുടക്കും ശാസ്‌ത്ര വൈദഗ്ദ്ധ്യവും പരിചയസമ്പന്നരായ തൊഴിൽ സേനയുമൊക്കെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം നിലയങ്ങളുടെ എണ്ണം പരിമിതമായി തുടരും.
അതേസമയം, ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികൾ കടന്നുവന്നാൽ രാജ്യത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അത് വലിയ അളവിൽ സഹായകമാകും. 'ശാന്തി ബിൽ" എന്ന് പേരിട്ടിട്ടുള്ള പുതിയ ബിൽ നിയമമാകുന്ന മുറയ്ക്ക് സ്വദേശത്തെയും വിദേശത്തെയും സ്വകാര്യ കമ്പനികൾക്ക് ഈ മേഖലയിൽ മുതൽ മുടക്കാനാവും. ഇന്ത്യയ്ക്ക് മൊത്തത്തിൽ ആവശ്യമായ വൈദ്യുതിയുടെ മൂന്ന് ശതമാനം മാത്രമാണ് ആണവ നിലയങ്ങളിൽ നിന്ന് ഉത‌്‌പാദിപ്പിക്കുന്നത്. 2070-ഓടെ ലക്ഷ്യമിട്ടിരിക്കുന്ന കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുന്ന നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കാൻ പൊതുമേഖലയുടെ പ്രയത്നംകൊണ്ടു മാത്രം കഴിയില്ല. ഇതാണ് സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം നൽകുന്ന ആണവ നയം രൂപീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നതാകട്ടെ ഇപ്പോഴുള്ള 8.8 ഗിഗാ വാട്ടിൽ നിന്ന് ആണവോർജ്ജ ഉത്‌പാദനം 2047-ഓടെ 100 ഗിഗാ വാട്ടായി ഉയർത്തുക എന്നതാണ്. ഇതിനായി കഴിഞ്ഞ ബഡ്‌ജറ്റിൽ 20,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ഈ മേഖലയിലേക്ക് വിദേശ, സ്വദേശ സ്വകാര്യ കമ്പനികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ആണവ ദുരന്തത്തിൽ, ആണവ സാമഗ്രി വിതരണം ചെയ്യുന്ന കമ്പനിക്കുള്ള ഉത്തരവാദിത്വം സംബന്ധിച്ച സിവിൽ ആണവ ബാദ്ധ്യതാ നിയമത്തിലെ നിർണായക വ്യവസ്ഥ പുതിയ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ നടത്തിപ്പുകാർക്കെതിരെ ആണവ ബാദ്ധ്യതാ നിയമത്തിനു പുറമേ രാജ്യത്തെ മറ്റ് നിയമങ്ങളനുസരിച്ചും കേസിനു പോകാം. ഈ സാഹചര്യത്തെ വിദേശ കമ്പനികൾ ഭയന്നിരുന്നു. പുതിയ 'ശാന്തി ബില്ലി"ൽ ഈ വ്യവസ്ഥ ഒഴിവാക്കിയത് കമ്പനികൾക്ക് ഗുണകരമാകും. അമേരിക്ക ഇപ്പോൾത്തന്നെ അവരുടെ കൂറ്റൻ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ അറ്റോമിക് എനർജിയിലേക്ക് തിരിയുകയാണ്. ഇന്ത്യയിൽ ഭാവിയിൽ ഉയർന്നുവരുന്ന ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ആണവോർജ്ജം ലഭ്യമാക്കാൻ ആണവ നയത്തിലെ കാതലായ മാറ്റം ഉപകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |