
തിരുവനന്തപുരം:
'ഇരുപത് കാറ് പെരുവഴിയിലൂടെ
നിരനിരയായ് പറക്കുമ്പോൾ...
അതിലൊരു കാറ് ഒരു പാവം പ്രജയുടെ
മേലിടിച്ചയ്യോ...
മന്ത്രിക്കേറെ സ്പീഡിൽ പോണം
മന്ത്രിക്കാറ് ഫ്ലൈറ്റിനുതുല്യം
മന്ത്രിയേ പയ്യെ പോ... കാറിൽ കയറി പയ്യെപോ..."
ശബരീശ ഗാനത്തെ പാരഡിയാക്കിയത് വിവാദവും കേസുമായിരിക്കെ ചർച്ചയാവുകയാണ് വർഷങ്ങൾക്ക് മുമ്പ് ലീഡർ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഇറങ്ങിയ ഈ പാരഡി ഗാനം. കലാഭവൻ മണിയും നാദിർഷായും ചേർന്നുപാടിയ ഗാനത്തിനെതിരെ ലീഡർ അന്ന് കേസിനൊന്നും പോയില്ല. മാത്രമല്ല, അദ്ദേഹം പാരഡി ആസ്വദിച്ചുമിരുന്നു.
അതേസമയം, ഇപ്പോൾ വിവാദമായ, 'പോറ്റിയേ കേറ്റിയേ..." ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിരിക്കുകയാണ് സി.പി.എം. കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാനും നടപടി തുടങ്ങി. മണി പാടിയ പാരഡി ഗാനം ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.
തമിഴ് ഗായകൻ വീരമണി പാടി പ്രശസ്തമാക്കിയ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്..." ഭക്തിഗാനത്തെയാണ് കലാഭൻ മണി പാരഡിയാക്കിയത്. 1972ലാണ് വീരമണിയുടെ ഗാനം പുറത്തുവരുന്നത്. ഇന്നും സൂപ്പർഹിറ്റാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ സോമുവിന്റേതാണ് സംഗീതം. തുടർന്നും നിരവധി അയ്യപ്പ ഭക്തിഗാന ആൽബങ്ങൾ ഇരുവരും ചേർന്നുണ്ടാക്കിയിട്ടുണ്ട്. എല്ലാം ഹിറ്റായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |