
തണുപ്പുകാലത്തിന്റെ വരവ് നമ്മുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങൾ വരുത്തുന്നു. ചുമ, പനി, ജലദോഷം ശ്വാസംമുട്ടൽ എന്നീ രോഗങ്ങൾ തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്നു. അതിനാൽ തണുപ്പുകാല ഭക്ഷണത്തിൽ ശരീരത്തിന് ചൂട് പ്രദാനം ചെയ്യുന്നതും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായിരിക്കാൻ ചില പോഷകങ്ങൾ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
വിറ്റാമിൻ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ മുതലായ പോഷകങ്ങളും, പ്രോട്ടീനും, നല്ല കൊഴുപ്പും അടങ്ങിയ ഭക്ഷണം ആരോഗ്യം നിലനിർത്താനും ചർമ സംരക്ഷണത്തിനും അനിവാര്യമാണ്. കൂടാതെ സീസണൽ അണുബാധകൾ തടയുകയും, ദഹന വ്യവസ്ഥ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും വേണം.
ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ഉദാ: പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്‌സ്, മുഴുധാന്യങ്ങൾ, ചില സുഗന്ധ വ്യജ്ഞനങ്ങൾ എന്നിവ.കടുംനിറത്തിലുള്ള (പർപ്പിൾ, ചുവപ്പ്, ഓറഞ്ച്) പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് (ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്).
കടൽ വിഭവങ്ങൾ, ചീര, പയർ, നട്‌സ് എന്നിവ അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശരീരതാപം ഉയർത്താം
തണുപ്പുകാലത്ത് ശാരീരിക താപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവർഗങ്ങൾ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗൺ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും ഒന്നര മുതൽ രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും കുടിയ്ക്കാം. അത്താഴത്തിന് മുമ്പ് വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നൽകും.
വ്യായാമവും ഉറക്കവും പ്രധാനം
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വിറ്റാമിൻ ഡി ഉറപ്പു വരുത്തും. യോഗ, പ്രാണയാമം, സൂര്യനമസ്കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂർ ലഘു വ്യായാമവും ഏഴ് മണിക്കൂർ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തിൽത്തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക.
ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വൃത്തിയുള്ള ജീവിത സാഹചര്യവും ആഹാരവും. പുറത്തുനിന്നും ആഹാരം കഴിക്കുന്നവരാണെങ്കിൽ ഭക്ഷണത്തിന്റെ പോഷകഗുണത്തോടൊപ്പം തന്നെ ശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വൃത്തിയുള്ള സാഹചര്യത്തിൽ കൃത്യമായ രീതിയിൽ പാചകം ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനേക്കാൾ ഉപരി വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ പ്രാധാന്യമാണ്. ഈ കാര്യങ്ങളൊക്കെ പാലിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ഒരു തണുപ്പുകാലം ആസ്വദിക്കാനും സാധിക്കുന്നു.
Anu Mathew
Dietitian
SUT Hospital, Pattom,TVM
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |