
ന്യൂഡൽഹി: രൂപം കണ്ട് ഒരാളെയും വിലയിരുത്തരുതെന്ന് പറയുന്നത് എത്ര ശരിയാണ്. അക്കാര്യം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഭിക്ഷക്കാരനാണെന്ന് കരുതിയ ഒരാൾ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുകയും ഡെലിവറി ബോയ്ക്ക് 50രൂപ ടിപ്പ് നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഫർദീൻ ഖാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
ഓർഡർ നൽകാനായി സ്ഥലത്തെത്തിയ ഡെലിവറി ബോയ് കസ്റ്റമറെ ഫോണിൽ വിളിച്ചു. തുടർന്ന് റോഡരികിൽ പുതച്ചു കിടക്കുന്ന ഒരാളെ കാണുകയും അയാൾ തന്നെയാണ് ഭക്ഷണം ഓർഡർ ചെയ്തതെന്ന് മനസിലാക്കുകയും ചെയ്യുന്നു. ഡെലിവറി ബോയ് അയാളെ ഭിക്ഷക്കാരനാണെന്നാണ് വീഡിയോയിൽ പറയുന്നത്.
ഭക്ഷണം നൽകുന്നതിനിടെ, നിങ്ങൾ തന്നെയാണോ ഇത് ഓർഡർ ചെയ്തതെന്ന് അമ്പരപ്പോടെ ഡെലിവറി ബോയ് ചോദിക്കുമ്പോൾ എനിക്ക് ഭക്ഷണം ഓർഡർ ചെയ്തൂടെ എന്ന് ആ മനുഷ്യൻ ശാന്തനായി തിരിച്ചു ചോദിക്കുന്നുണ്ട്. ഇതിനുപിന്നാലെ 50 രൂപ ടിപ്പും കൂടി നൽകിയതോടെ ഡെലിവറി ബോയ് തീർത്തും അത്ഭുതപ്പെട്ടു. പങ്കുവച്ച ദൃശ്യങ്ങൾക്ക് വ്യത്യസ്ത കമന്റുകളാണ് യുവാവിനു നേരെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും ഉയരുന്നത്.
അദ്ദേഹം മനസ് കൊണ്ട് ദരിദ്രനല്ല, പക്ഷേ ഒരാളെ ഭിക്ഷക്കാരനെന്ന് വിളിച്ചതിലൂടെ നിങ്ങളുടെ മനോഭാവമാണ് വ്യക്തമായതെന്നാണ് ഒരാളുടെ കമന്റ്. ഭക്ഷണം ഓർഡർ ചെയ്തയാളിന്റെ ആത്മവിശ്വാസത്തെ പലരും അഭിനന്ദിച്ചു. അതേസമയം, വീഡിയോ പങ്കുവച്ചയാൾ തന്റെ പ്രൊഫൈലിൽ ഇത്തരത്തിലുള്ള ഒട്ടേറെ ഡെലിവറി അനുഭവങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇത് കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ആണോ എന്നും പലരും സംശയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |