SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.59 PM IST

വോട്ട് ചോർച്ചയിൽ പതറി സി.പി.എം, ഫൈനലിലേക്ക് മാസായി യു.ഡി.എഫ്

Increase Font Size Decrease Font Size Print Page

s

കോഴിക്കോട്: പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലടക്കം ഉണ്ടായ വോട്ട് ചോർച്ചയിൽ പതറി സി.പി.എം. ഉരുക്കുകോട്ടയായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പല പഞ്ചായത്തുകളിലും ഉണ്ടായ ദയനീയ പരാജയത്തിന്റെ ഞെട്ടലിൽ നിന്ന് നേതാക്കളും പ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം പോലും നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്, സി.പി.എം നേതാക്കൾ തയാറായിട്ടില്ല. തോൽവി പരിശോധിക്കുമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ സി.പി.എം അണികൾപോലും സമ്മതിക്കില്ലെന്ന് നേതൃത്വത്തിന് അറിയാം. അതിനാൽ തന്നെ അടിത്തട്ടിൽ എന്തുപറ്റിയെന്ന് ആഴത്തിലുള്ള പരിശോധന ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം നടത്തേണ്ടിവരും. ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം നേടിയെന്നത് എൽ.ഡി.എഫിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. 2021ൽ 11 സീറ്റിൽ വ്യക്തമായി മേധാവിത്വം പുലർത്തിയ എൽ.ഡി.എഫിന് മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് തദ്ദേശ ഫലമനുസരിച്ച് മുൻതൂക്കമുള്ളത്. ഇവിടങ്ങളിൽ തന്നെ നേരിയ വോട്ടുകൾക്ക് എൽ.ഡി.എഫ് കടന്നുകൂടുകയായിരുന്നു.

ഏത് തരംഗത്തിലും ഇളകാതിരുന്ന കോട്ടയാണ് യു.ഡി.എഫ് മുന്നേറ്റത്തിൽ നിലംപരിശായത്. 42 പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. എൽ.ഡി.എഫിന്റെ വിജയം 24ൽ ഒതുങ്ങി. ജില്ലാ പഞ്ചായത്ത് കൈവിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ല. 95 മുതൽ ഇടതുമുന്നണിയുടെ സ്വന്തമായിരുന്ന ജില്ലാ പഞ്ചായത്ത് നഷ്ടമാകുമെന്ന് നേതൃത്വം ഒരിക്കൽ പോലും കണക്കുകൂട്ടിയിരുന്നില്ല. ഇത്തവണത്തെ വാർഡ് വിഭജനത്തോടെ നില കൂടുതൽ ഭദ്രമാകുമെന്നാണ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം പാതി പിന്നിട്ടതോടെ പുതിയ ഡിവിഷനുകളുടെ രാഷ്ട്രീയ മാറ്റം ചില നേതാക്കൾ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇടതുമുന്നണിക്ക് അനുകൂലമായി വിഭജിച്ച പഞ്ചായത്ത് വാർഡുകൾ കൂട്ടിച്ചേർത്ത് ഡിവിഷനുകൾ പുനഃക്രമീകരിച്ചപ്പോൾ ഫലത്തിൽ എൽ.ഡി.എഫിന് എതിരായി മാറുകയായിരുന്നു. വാർഡ് പുനർവിഭജനത്തിന് നേതൃത്വം നൽകിയ ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഡിവിഷനുകളിലെ യു.ഡി.എഫിന്റെ വൻ വിജയം. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം അദ്ദേഹത്തിനും തിരിച്ചടിയായി. സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഏകോപനമില്ലായ്മയും ചർച്ചയാകുന്നുണ്ട്. സി.പി. മുസാഫർ അഹമ്മദിന്റെ വാർഡിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് ചുമതല നൽകിയിട്ടും ജയിക്കാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പ് മാനേജ്മെന്റിലെ വീഴ്ചയ്ക്ക് ഉദാഹരണമാണ്. മലയോര മേഖലയിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ പരാജയത്തിന്റെ കാരണവും ചികയുകയാണ് നേതാക്കൾ.

യു.ഡി.എഫ്

മുന്നിലെത്തിയ അസംബ്ലിമണ്ഡലങ്ങൾ - ഭൂരിപക്ഷം

നാദാപുരം - 5365

കുറ്റ്യാടി - 4558

വടകര - 7994

പേരാമ്പ്ര - 10,923

കൊയിലാണ്ടി - 3924

ബാലുശ്ശേരി - 12,408

കൊടുവള്ളി - 20,417

കോഴിക്കോട് സൗത്ത് - 8192

കുന്ദമംഗലം - 12,685

തിരുവമ്പാടി - 24,197

എൽ.ഡി.എഫ്

മുന്നിലെത്തിയ അസംബ്ലി മണ്ഡലങ്ങൾ - ഭൂരിപക്ഷം

എലത്തൂർ - 5938

കോഴിക്കോട് നോർത്ത് - 5001

ബേപ്പൂർ - 1340

കോഴിക്കോട് നോർത്തിൽ ബി.ജെ.പി പ്രതീക്ഷ

ഒന്നാം സ്ഥാനത്തെത്തിയ ഇടതുപക്ഷവുമായി 15,000ൽ താഴെ മാത്രം വോട്ടിന്റെ വ്യത്യാസത്തിൽ മൂന്നാമതായ എൻ.ഡി.എക്ക് ജില്ലയിൽ ഏക പ്രതീക്ഷയുള്ള മണ്ഡലം കോഴിക്കോട് നോർത്താണ്. കരുത്തനായ സംസ്ഥാന നേതാവ് മത്സരിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എലത്തൂരിലും കുന്ദമംഗലത്തും മുപ്പതിനായിരത്തിന് മുകളിൽ വോട്ട് നേടാൻ എൻ.ഡി.എക്ക് സാധിച്ചിട്ടുണ്ട്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY