
തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ഭൗതിക ജീവിതം മെച്ചപ്പെടുത്തിയാണ് ആത്മീയോന്നതി നേടേണ്ടതെന്ന തിരിച്ചറിവിലേക്ക് ഇന്ത്യൻ നവോത്ഥാന മാർഗത്തെ നയിച്ച യുഗപുരുഷനാണു ശ്രീനാരായണ ഗുരുവെന്ന് മന്ത്രി ജി.ആർ.അനിൽ. ഗുരുവിന്റെ ജ്ഞാനമാതൃക ഏറ്റവും പ്രസക്തമായ കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
93ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരി മഠവും യൂണിവേഴ്സിറ്റി കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴ മണ്ണിനോട് എന്താണോ ചെയ്യുന്നത് അതാണ് വിദ്യാഭ്യാസം മാനവരാശിയോടു ചെയ്യുന്നത്. വിദ്യാഭ്യാസത്തിലൂടെയാണ് വിമോചനം എന്നു ഗുരു തെളിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുവചനം പിന്തുടർന്നാൽ ലോകം ഇന്നു നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി പറഞ്ഞു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, വാണിജ്യം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ അറിവുള്ളവരാകണമെന്ന ലക്ഷ്യത്തോടെയാണ് ഗുരു തീർഥാടനത്തിന് അനുമതി നൽകിയതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശാരദ പ്രതിഷ്ഠയോടനുബന്ധിച്ച് 1912 –ൽ കാർഷിക വ്യാവസായിക പ്രദർശനവും 1924–ൽ ആലുവയിൽ സർവമത സമ്മേളനവും നടത്തി .ഏതൊരു ജനതയെയും സാമൂഹിക പുരോഗതിയിലേക്ക് എങ്ങനെ എത്തിക്കാമെന്നാണ് ഗുരു ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ. ആർ. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ഡോ. അജയൻ പനയറ, ഡോ.കെ.പ്രസന്നരാജൻ, ഡോ.കെ. വസന്ത, ഡോ.സുജിത് എൻ. തമ്പി, കെ.മഞ്ജു, ഗിരീഷ് പുലിയൂർ, കെ.വി. സജയ്, ജോബിൻ ചാമക്കാല, ജയകൃഷ്ണൻ വായ്പൂര് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |