
മീനില്ലാതെ ദിവസവും ഒരുതരി ചോറ് ഇറങ്ങാത്ത ധാരാളം ആളുകളുള്ള നാടാണ് നമ്മുടേത്. കടൽമീനും പുഴമീനും പൊരിച്ചും കറിവച്ചും പലതരം വിഭവങ്ങൾ മലയാളികൾ കഴിക്കുന്നു. അയൺ, കാൽഷ്യം, പൊട്ടാസ്യം,മഗ്നീഷ്യം ഇങ്ങനെ നിരവധി ധാതുക്കളടങ്ങിയ മീൻ പൊരിച്ചുകഴിക്കാൻ പലർക്കും വലിയ ഇഷ്‌ടമാണ്. എന്നാൽ കൊളസ്ട്രോൾ ഭയം കൊണ്ട് പലർക്കും ഫിഷ് ഫ്രൈ കഴിക്കാൻ പേടിയുണ്ടാകും. എന്നാൽ ഇനിയങ്ങനെ പേടിക്കാതെ ഫിഷ് ഫ്രൈ കഴിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.
ഒരു തുള്ളി എണ്ണയില്ലാതെ നന്നായി മീൻ പൊരിച്ച് കഴിക്കാം. മീൻ കഴുകി വൃത്തിയാക്കി ഫ്രൈ ചെയ്യാൻ പാകത്തിന് വരഞ്ഞുവയ്‌ക്കുക. ഇനി ഇഞ്ചി, മുളകുപൊടി, മഞ്ഞൾപൊടി, ഇത്തിരി കുരുമുളക്, വെളുത്തുള്ളി എന്നിവ അൽപം ഉപ്പ് ചേർത്ത് നന്നായി അരച്ച് പാകമാക്കി വയ്‌ക്കുക. ഇത് ഇനി വറുക്കേണ്ട മീനിലേക്ക് നന്നായി പുരട്ടുക. ശേഷം അരമണിക്കൂർ കാക്കണം. മസാല പേസ്‌റ്റ് മീനിൽ നന്നായി പിടിച്ചു എന്നുറപ്പാക്കിയ ശേഷം രണ്ട് വാഴയിലകൾ എടുക്കണം. ഇനി ഇത് വാട്ടിയെടുക്കുക.
ഒരു ഇലയെടുത്ത് പാനിൽ വച്ചശേഷം മീൻ അതിലേക്ക് ഇടുക. മുകളിലേക്ക് രണ്ടാമത്തെ വാഴയില ഇട്ട് മൂടുക. അടപ്പുകൊണ്ടടച്ച് കുറച്ചുസമയം വേവിക്കുക. മൂന്നോ നാലോ മിനിട്ട് കഴിഞ്ഞശേഷം തുറക്കണം, ഇനി വെള്ളം ഇറങ്ങിപ്പോയശേഷം രണ്ട് മിനിട്ട് വേവിക്കണം ഇപ്പോൾ മീൻ വറുത്തത് നന്നായി തയ്യാറായിട്ടുണ്ടാകും. ഇനി അൽപം നാരങ്ങാനീരും ഇതിലേക്ക് പിഴിഞ്ഞൊഴിച്ചാൽ ഉഗ്രൻ മീൻ വറുത്തത് റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |