
കേരള രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് സുപ്രധാന സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ ജന്മനാട്ടിൽ നടന്ന ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനകൾ നൽകുന്നതായി കാണാം.
രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ച വൻ മാറ്റത്തിന് വിരുദ്ധമായി, ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഏഴിൽ എൽ.ഡി.എഫും നാലിൽ യു.ഡി.എഫും ലീഡ് നേടിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി, ധർമ്മടം, തളിപ്പറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ ഇടതുപക്ഷം ശക്തമായ സാന്നിധ്യം നിലനിർത്തിയിരിക്കുന്നു.
മണ്ഡല വിശദാംശങ്ങൾ
...
എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങൾ:
1. തലശ്ശേരി -ഏറ്റവും വലിയ ലീഡ്
സ്പീക്കർ എ.എൻ. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ എൽ.ഡി.എഫിന് 38,524 വോട്ടുകളുടെ ഗണ്യമായ ലീഡുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 36,801 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷംസീർ വിജയിച്ചിരുന്നു. ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നാണ് തലശ്ശേരി.
2. കൂത്തുപറമ്പ് - ശക്തികേന്ദ്രം
സി.പി.എമ്മിന്റെ മറ്റൊരു അഭേദ്യ കോട്ടയായ കൂത്തുപറമ്പിൽ 38,843 വോട്ടുകളുടെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. തലശ്ശേരിക്ക് തൊട്ടടുത്ത് വരുന്ന ഈ ലീഡ്, മണ്ഡലത്തിന്റെ ഇടതുപക്ഷ പിന്തുണ വ്യക്തമാക്കുന്നു.
3. പയ്യന്നൂർ- പരമ്പരാഗത കോട്ട
32,113 വോട്ടുകളുടെ ലീഡോടെ പയ്യന്നൂരിൽ എൽ.ഡി.എഫ് ശക്തമായ നിലപാട് തുടരുന്നു. ജില്ലയുടെ വടക്കൻ മേഖലയിലെ ഈ മണ്ഡലം ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായി തുടരുകയാണ്.
4. കല്യാശ്ശേരി - വർദ്ധിച്ച പിന്തുണ
കണ്ണപുരം പഞ്ചായത്തിൽ എതിരില്ലാതെ എൽ.ഡി.എഫ് ജയിച്ച ആറ് വാർഡുകളിലെ വോട്ടുകൾ ഉൾപ്പെടുത്താതെ തന്നെ 30,489 വോട്ടുകളുടെ ലീഡുണ്ട്. ഈ കണക്കുകൾ ഉൾപ്പെടുത്തിയാൽ ലീഡ് കൂടുതൽ വർദ്ധിക്കും എന്നത് ശ്രദ്ധേയമാണ്.
5. ധർമ്മടം - മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ചർച്ച
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് 25,577 വോട്ടുകളുടെ ലീഡ് എൽ.ഡി.എഫിനുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 50,123 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പിണറായി വിജയിച്ച മണ്ഡലമാണിത്. നിലവിലെ ലീഡ് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചാവിഷയം.
കടമ്പൂരിൽ യു.ഡി.എഫ് കൂടുതല്‍ വോട്ടുകൾ നേടിയതും, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം നേർത്തതായതും ധർമ്മടത്തെ ലീഡ് കുറയാൻ കാരണമായി. വേങ്ങാട് പഞ്ചായത്തിലും യു.ഡി.എഫ് വോട്ട് വർദ്ധിപ്പിച്ചു. എന്നാൽ പിണറായി പഞ്ചായത്തിൽ എൽ.ഡി.എഫ് വൻ ലീഡ് നേടിയത് മൊത്തത്തിലുള്ള മുന്നേറ്റം സാധ്യമാക്കി.
6. തളിപ്പറമ്പ് - സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ 12,498 വോട്ടുകളുടെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. ആന്തൂർ നഗരസഭയിൽ അഞ്ചും മലപ്പട്ടം പഞ്ചായത്തിൽ മൂന്നും വാർഡുകളിൽ എതിരില്ലാതെ സി.പി.എം ജയിച്ച വോട്ടുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
7. മട്ടന്നൂർ - തിരഞ്ഞെടുപ്പില്ലാത്ത നഗരസഭ
മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രമുള്ള വോട്ടെണ്ണലിൽ 15,350 വോട്ടുകളുടെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. കെ.കെ. ശൈലജ 2021 ൽ നേടിയ 60,963 വോട്ടുകളുടെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ വോട്ടുവിഹിതം കുറവാണെങ്കിലും, നഗരസഭയുടെ അഭാവം കണക്കിലെടുക്കേണ്ടതുണ്ട്.
യു.ഡി.എഫിന്റെ മുന്നേറ്റം
1. ഇരിക്കൂർ- മലയോര ഉണർവ്
മലയോര മേഖലയിലെ യു.ഡി.എഫിന്റെ ശക്തമായ സാന്നിധ്യം പ്രകടമാക്കുന്ന മണ്ഡലമാണ് ഇരിക്കൂർ. 21,960 വോട്ടുകളുടെ വലിയ ലീഡോടെ യു.ഡി.എഫ് ഇവിടെ ആധിപത്യം നിലനിർത്തി. കഴിഞ്ഞ തവണയും യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന ഈ മണ്ഡലത്തിൽ ലീഡ് വർദ്ധിച്ചതാണ് കോൺഗ്രസിന് ആശ്വാസം.
2. പേരാവൂർ - കെ.പി.സി.സി അദ്ധ്യക്ഷന്റെ തട്ടകം
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ 10,230 വോട്ടുകളുടെ ലീഡോടെ യു.ഡി.എഫ് വിജയം ഉറപ്പിച്ചു. പാർട്ടി അദ്ധ്യക്ഷന്റെ സ്വന്തം മണ്ഡലത്തിലെ ഈ വിജയം യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
3. കണ്ണൂർ -തിരിച്ചുപിടിക്കാനുള്ള ശ്രമം
കോൺഗ്രസിന് കഴിഞ്ഞ രണ്ട് തവണയായി കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ 10,459 വോട്ടുകളുടെ ലീഡ് യു.ഡി.എഫ് നേടി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലമായ കണ്ണൂരിലെ ഈ ലീഡ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
4. അഴീക്കോട് -ഇഞ്ചോടിഞ്ച്
കണ്ണൂരിലെ ഏറ്റവും മത്സരമുള്ള മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. 2,089 വോട്ടുകളുടെ നേരിയ ലീഡോടെയാണ് യു.ഡി.എഫ് മുന്നിലുള്ളത്. എൽ.ഡി.എഫിലെ കെ.വി. സുമേഷിന്റെ മണ്ഡലമായ ഇവിടെ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി വിഭാഗങ്ങളിൽ നേടിയ മുൻതൂക്കമാണ് യു.ഡി.എഫിനെ മുന്നിലെത്തിച്ചത്. ഈ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടൽ കടുത്തതായിരിക്കുമെന്ന് വ്യക്തമാണ്.
തിരിച്ചടിയില്ലെന്ന് എൽ.ഡി.എഫ്.
എൽ.ഡി.എഫ് നേതൃത്വം തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾ നിലനിർത്തിയതിൽ ആശ്വാസം പ്രകടിപ്പിക്കുന്നു. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീഡ് നേരിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അവരുടെ നിലപാട്. ധർമ്മടത്തെ ലീഡ് കുറഞ്ഞതിന് വ്യക്തമായ വിശദീകരണങ്ങളുണ്ടെന്നും ചില പ്രത്യേക പ്രദേശങ്ങളിലെ സാഹചര്യങ്ങൾ മാത്രമാണ് ഇതിന് കാരണമെന്നും എൽ.ഡി.എഫ് നേതാക്കൾ വിലയിരുത്തുന്നു.
യു.ഡി.എഫ് ആത്മവിശ്വാസത്തോടെ
യു.ഡി.എഫ് നേതൃത്വം പേരാവൂർ, ഇരിക്കൂർ എന്നിവിടങ്ങളിലെ ലീഡുകൾ മലയോര മേഖലകളിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കാണുന്നു. കണ്ണൂർ, അഴീക്കോട് എന്നിവിടങ്ങളിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിൽ ലീഡ് നേടിയത് വൻ നേട്ടമായി അവർ വിലയിരുത്തുന്നു.
വാർഡ് വിഭജനം - നിർണായക ഘടകം
ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ വാർഡ് പുനർവിഭജനം നിർണായക പങ്ക് വഹിച്ചതായി രാഷ്ട്രീയ വിശകലർ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമല്ല, പക്ഷേ രാഷ്ട്രീയപരമായി അനുകൂലമായാണ് എൽ.ഡി.എഫിന് വാർഡ് വിഭജനം നടന്നതെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങൾ ഒന്നോ രണ്ടോ വാർഡുകളിൽ കേന്ദ്രീകരിച്ചും മറ്റ് വാർഡുകളിൽ എൽ.ഡി.എഫിന് ചെറിയ ഭൂരിപക്ഷത്തിൽ ജയിക്കാനാവശ്യമായ രീതിയിലും വിഭജനം നടത്തിയതായി ആരോപണമുണ്ട്.
ജില്ലാ പഞ്ചായത്തിലെ നടുവിൽ (11,266 വോട്ട്), പയ്യാവൂർ (13,160 വോട്ട്) ഡിവിഷനുകളിൽ മാത്രം യു.ഡി.എഫിന്റെ ഭൂരിപക്ഷം 24,426 വോട്ടുകളാണ്. എന്നാൽ ഈ മേഖലയിൽ എൽ.ഡി.എഫ് ജയിച്ച പടിയൂർ (2,820), പേരാവൂർ (1,876), കൂടാളി (644), കുറുമാത്തൂർ (1,623), പരിയാരം (498) എന്നീ അഞ്ച് ഡിവിഷനുകളിലെ മൊത്തം ഭൂരിപക്ഷം യു.ഡി.എഫിന്റെ രണ്ട് ഡിവിഷനുകളേക്കാൾ 16,965 വോട്ടുകൾ കുറവാണ്.
ആലക്കോട് ഒഴിവാക്കി രൂപവത്കരിച്ച മാതമംഗലം ഡിവിഷനിലും എൽ.ഡി.എഫ് ജയിച്ചത്, ഇവിടത്തെ യു.ഡി.എഫ് അനുകൂല വോട്ടുകൾ നടുവിലേക്ക് മാറ്റിയതിന്റെ ഫലമാണെന്നാണ് വിശകലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |