കൊല്ലം∙ ശബരിമല സ്വർണാപഹരണ കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലുള്ള ഐ.പി.സി 467–ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്ന് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.
കോടതിയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറുകയോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ഇല്ലെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ (കൊച്ചി സോണൽ ഓഫിസ്) ആഷു ഗോയൽ കോടതിക്ക് ഉറപ്പ് നൽകി.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള പൊതു സേവകരാണ് കേസിൽ അറസ്റ്റിലായത്. കുറ്റകൃത്യങ്ങളിൽ ലഭിച്ച പണം (പ്രോസീഡ്സ് ഒഫ് ക്രൈം) എത്രയെന്നു കണക്കാക്കാനും ആ തുക കണ്ടുകെട്ടാനും അധികാരമുള്ള ഏജൻസിയാണ് ഇ.ഡി.
ഇ.ഡിയുടെ ആവശ്യത്തെ പ്രത്യേക അന്വേഷണ സംഘം പൂർണമായും കോടതിയിൽ എതിർത്തിരുന്നില്ല. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇ.ഡി ആവശ്യപ്പെടുന്നതുപോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റു കുറ്റകൃത്യങ്ങളിൽ ഇ.ഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുകയെ സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് പകർപ്പുകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു.
റിമാൻഡ് നീട്ടി
മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡിഷ്യൽ റിമാൻഡ് ജനുവരി ഒന്നു വരെ ദീർഘിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |