തിരുവനന്തപുരം: തുടക്കം മുതൽ അന്വേഷണസംഘത്തെ വഴിതെറ്റിക്കാനായിരുന്നു ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി ശ്രമിച്ചത്. ചെമ്പിൽ മാത്രമേ സ്വർണം പൂശാനാവൂ എന്നും സ്വർണം വേർതിക്കാനറിയില്ലെന്നുമായിരുന്നു മൊഴി. സ്വർണം വേർതിരിച്ചതിന്റെയും പണിക്കൂലിയായി സ്വർണം കൈക്കലാക്കിയതിന്റെയുമടക്കം രേഖകൾ പിടിച്ചെടുത്തതോടെ, വിദ്ഗദ്ധനെ എത്തിച്ച് സ്വർണം വേർതിരിച്ചെന്ന് ഭണ്ഡാരി സമ്മതിച്ചു. വേർതിരിച്ച സ്വർണം വാങ്ങിയെന്ന കുറ്റമേ ചെയ്തിട്ടുള്ളൂവെന്ന നിലപാടിൽ ജുവലറിയുടമ ഗോവർദ്ധൻ ഉറച്ചുനിന്നു.
നാലുവട്ടം ഇരുവരെയും ചോദ്യം ചെയ്തശേഷമാണ് ഇന്നലെ നോട്ടീസ് നൽകി ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഭണ്ഡാരിയുടെ വീട്ടിലെ ചടങ്ങിനായി പോവാൻ അനുവദിച്ചതിനാലാണ് രണ്ടുദിവസം മുൻപ് നടക്കേണ്ടിയിരുന്ന അറസ്റ്റ് വൈകിയത്. ഇരുവർക്കുമായി ഹൈക്കോടതിയിലെ അഭിഭാഷകരാണ് തലസ്ഥാനത്ത് എത്തിയത്.
സ്വർണം തട്ടിയെടുക്കാൻ കൃത്യമായ തിരക്കഥയുണ്ടാക്കിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ദേവസ്വം ബോർഡുമായി സ്മാർട്ട് ക്രിയേഷൻസിന് നേരിട്ട് കത്തിടപാടുകളുണ്ടായിരുന്നു. സ്വർണം പൂശാനുള്ള സ്പോൺസറായി പോറ്റിയെ എത്തിച്ച്, സ്വർണം പൊതിഞ്ഞ പാളികൾ പുറത്തേക്ക് കടത്തി അതിൽ നിന്ന് സ്വർണം വേർതിരിച്ച് തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു ഇവരുടേതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ശബരിമലയിൽ അന്നദാനത്തിനടക്കം സ്പോൺസറായിട്ടുള്ള താൻ നേരത്തേ ഒന്നരക്കോടിയോളം രൂപ പോറ്റിക്ക് നൽകിയിട്ടുണ്ടെന്ന് ഗോവർദ്ധൻ മൊഴിനൽകി. കൽപ്പേഷ് വഴി പോറ്റി കൈമാറിയ സ്വർണം വാങ്ങിയത് ആഭരണങ്ങളാക്കി വിൽപ്പനയ്ക്കായാണ്. ഇതിന് പണവും നൽകി. അമൂല്യമായ സ്വർണം വിറ്റ് കോടികളുണ്ടാക്കാനുള്ള പദ്ധതിയിൽ ഇരുവരും പങ്കാളികളാണെന്നാണ് നിഗമനം. ബെല്ലാരിയിലെ ജുലവറിയിൽ ശബരിമല തന്ത്രിയിൽ നിന്ന് സ്വർണനാണയം വാങ്ങാമെന്നുള്ള ഫേസ്ബുക്ക് പരസ്യം തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണെന്നും എസ്.ഐ.ടി പറയുന്നു.
ശബരിമല സ്വർണത്തിന്
കോടികളുടെ മൂല്യം
ശബരിമലയിലെ സ്വർണം അമൂല്യമായതിനാൽ അത് വിറ്റ് കോടികൾ സമ്പാദിക്കാനുള്ള ഗൂഢാലോചനയാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിൽ പല ക്ഷേത്രങ്ങളിലെയും സ്വർണം സമാനമായി തട്ടിയെടുത്തിരിക്കാനിടയുണ്ട്.
1998- 99ൽ വിജയ് മല്യ ശ്രീകോവിലിലും കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപ്പങ്ങളിലുമടക്കം പൂശിയ സ്വർണം ദൈവികാംശമുള്ളതിനാൽ ഡിവൈൻ വാല്യു കോടികളാണ്. ഇതിൽ ഒരു കഷണം കൈവശംവച്ച് പൂജിക്കാനായി കോടികൾ മുടക്കാൻ വ്യാപാരികളും വ്യവസായികളും തയ്യറായിരുന്നു.
കൽപ്പേഷ് എവിടെ?
വേർതിരിച്ച സ്വർണം ബെല്ലാരിയിലെത്തിച്ച കൽപ്പേഷ് ചെന്നൈ സോകാർപേട്ടിലെ വീരപ്പൻ സ്ട്രീറ്റിലുള്ള കാളികുണ്ട് ജുവലറിയിലാണ് ജോലി ചെയ്യുന്നത്. സ്വർണ്ണക്കടയിൽ 2012 മുതൽ ജീവനക്കാരനാണ് 31കാരനായ കൽപേഷ് . സ്മാർട് ക്രിയേഷൻസിലെത്തി കവർ കൈപ്പറ്റിയത് ഗോവർധൻ വിളിച്ചു പറഞ്ഞതനുസരിച്ചാണെന്നും സ്മാർട് ക്രിയേഷൻസിൽ നിന്ന് കവർ കൊണ്ടുപോയതിന് പ്രത്യേക പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |