കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ
പ്രത്യേക അന്വേഷണ സംഘം പ്രതികളാക്കിയവരുടെ പിന്നിലുള്ളവരുടെയും മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് ഇ.ഡിയുടെ തീരുമാനം. അന്വേഷണത്തിന് തുടക്കമിട്ട് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇന്നോ നാളെയോ രജിസ്‌റ്റർ ചെയ്യും.
പിന്നാലെ, ഇപ്പോൾ റിമാൻഡിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു തുടങ്ങിയവരെ ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
474.9 ഗ്രാം സ്വർണം കൊള്ളയടിച്ചവർക്ക് പുറമെ, ഒത്താശ നൽകിയവരിലേക്കും അന്വേഷണം നീളും. സ്വർണം കടത്തിയ വഴികളും ആർക്കാണ് കിട്ടിയതെന്നും കണ്ടെത്തും. കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ഇവരുടെ ബന്ധങ്ങൾ എന്നിവയും അന്വേഷിക്കും. ഇവർക്ക് പിന്നിൽ പ്രവർത്തിച്ചവരുണ്ടോ, അവർ തട്ടിപ്പിന്റെ വിഹിതം കൈപ്പറ്റിയോ തുടങ്ങിയവയും അന്വേഷിക്കും.
ദ്വാരപാലകശില്പവും സ്വർണപ്പാളിയും കൊണ്ടുപോയ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും അന്വേഷണം നടത്തും. ഇവയുടെ ഉടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്യും. പ്രതികളും സ്ഥാപനങ്ങളും നടത്തിയ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളും പരിശോധിക്കും.
പ്രാഥമികാന്വേഷണം നടത്തി
ദ്വാരപാലകശില്പവും സ്വർണപ്പാളിയും കടത്തിയത് സംബന്ധിച്ച് ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഒക്ടോബർ ഒമ്പതിന് വിജിലൻസ് എസ്.പി സമർപ്പിച്ച റിപ്പോർട്ടും ഒക്ടോബർ 10ലെ ഹൈക്കോടതി ഇടക്കാല ഉത്തരവും ഇ.ഡി പരിശോധിച്ചിരുന്നു. 474.9 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി വിജിലൻസ് റിപ്പോർട്ടിലും ഹൈക്കോടതി ഉത്തരവിലും പറയുന്നു. അവയുടെ അടിസ്ഥാനത്തിലുള്ള ഇ.ഡിയുടെ വാദമാണ് ഹൈക്കോടതിയും കൊല്ലം വിജിലൻസ് കോടതിയും ശരിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |