
തിരുവനന്തപുരം:കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവരെ പിരിച്ചുവിടാനുള്ള നടപടികൾ മരവിപ്പിച്ചതാണ് ഗർഭിണിയെപ്പോലും തല്ലിച്ചതയ്ക്കാൻ സേനയിലെ ക്രിമിനലുകൾക്ക് ധൈര്യം നൽകിയത്.
ജനങ്ങളുടെ എല്ലൊടിച്ചാലും ആറു മാസത്തെ സസ്പെൻഷൻ 'സുഖവാസ'ത്തിനു ശേഷം ക്രമസമാധാനചുമതലയിൽ വിലസാമെന്നതാണ് സ്ഥിതി. സസ്പെൻഷനടക്കം ശിക്ഷാനടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. രഹസ്യമായി തിരിച്ചെടുക്കുകയും ചെയ്യും. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 59പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികളാണ് മരവിപ്പിച്ചത്. കൊച്ചിയിലെ ഇടിയൻ പൊലീസായ സി.ഐ.പ്രതാപചന്ദ്രനെതിരേ നിരവധി പരാതികളുണ്ടായിട്ടും സംരക്ഷിക്കുകയായിരുന്നു ഉന്നതർ.
പൊലീസിൽ ക്രിമിനലുകൾ വാഴുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' മുഖ്യവാർത്തയും `ക്രിമിനൽത്തൊപ്പി'എന്നപരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ജനങ്ങളോട് മോശം പെരുമാറ്റം,മർദ്ദനം,മാഫിയകളുമായി ചങ്ങാത്തമടക്കം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ പൊലീസ്ആക്ടിലെ സെക്ഷൻ-86 പ്രയോഗിച്ച് പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിയോട് നിർദ്ദേശിച്ചിരുന്നു. പിരിച്ചുവിടൽ തുടങ്ങിയതോടെ പൊലീസ് സംഘടനകളും ഉന്നത ഓഫീസർമാരും രാഷ്ട്രീയ നേതൃത്വവും രംഗത്തിറങ്ങി. കുഴപ്പക്കാരെല്ലാം ക്രമസമാധാന ചുമതലയിൽ തിരിച്ചെത്തി. കൈക്കൂലി,കസ്റ്റഡിക്കൊല, കസ്റ്റഡി മർദ്ദനം എന്നീ കുറ്റങ്ങൾക്കടക്കം സസ്പെൻഷനിലായിരുന്നവരെ രഹസ്യമായി തിരിച്ചെടുത്തു. 144 പൊലീസുകാരെ 9വർഷത്തിനിടെ പിരിച്ചുവിട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ഭൂരിഭാഗവും കോടതിയിൽപോയി തിരിച്ചുകയറി.
ഹൈക്കോടതിയുടെ
താക്കീത്
ജനങ്ങളോടു മാന്യമായി പെരുമാറണമെന്നു കാണിച്ച് പൊലീസിൽ ഇനിയൊരു സർക്കുലർ ഇറക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് ഹൈക്കോടതി താക്കീത് നൽകിയിരുന്നു.
അതിനിടെയാണ് കൊച്ചിയിൽ ഗർഭിണിക്കടക്കം മർദ്ദനമേറ്റത്.
സ്ത്രീകളെയും
ഇടിച്ച് എല്ലൊടിക്കും
പത്തനംതിട്ടയിൽ വിവാഹസംഘത്തിലെ സ്ത്രീകളടക്കമുള്ളവരെ മർദ്ദിച്ച് എല്ലൊടിച്ചത് അടുത്തിടെ
വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞത് ചടയമംഗലത്ത്
ഫോൺ മോഷണമാരോപിച്ച് മൂന്നാം ക്ലാസുകാരിയെ റോഡിൽ വിചാരണ ചെയ്തത് ആറ്റിങ്ങലിൽ
വനിതാ എസ്.ഐമാർ സ്റ്റേഷനിൽ തമ്മിലടിച്ച് അതിലൊരാളുടെ കൈയൊടിച്ചത് കൊട്ടാരക്കരയിൽ
യുവാവിനെ ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയും ചെയ്തത് തലസ്ഥാനത്ത്
ഫർണിച്ചർ ഇടപാടിലെ പരാതി വിവരം തിരക്കിയെത്തിയ ആളെ ക്രൂരമായി മർദ്ദിച്ചത് നൂറനാട്ട്
മറന്നുപോയ
നിർദ്ദേശങ്ങൾ
മാന്യമായേ പെരുമാറാവൂ
ബലപ്രയോഗം പാടില്ല
പരുഷമായി തട്ടിക്കയറരുത്
ജനപക്ഷത്ത് നിൽക്കണം
സാംസ്‌കാരിക നിലവാരംവേണം
പക്ഷപാതംവേണ്ട
സഹാനുഭൂതി കാട്ടണം
പരാതി തള്ളരുത്
സ്ത്രീസുരക്ഷയ്ക്ക് മുൻഗണന
'ഓരോ പൊലീസുദ്യോഗസ്ഥരും സേനയുടെ അന്തസ് കാക്കണം.സ്റ്രേഷനിലെത്തുന്നവർ എങ്ങനെ പെരുമാറിയാലും പൊലീസിന്റെ പെരുമാറ്റം മാന്യമായിരിക്കണം. .'.
-റവാഡചന്ദ്രശേഖർ
പൊലീസ് മേധാവി
പൊലീസിനെ
ക്രിമിനലാക്കിയത്
മുഖ്യമന്ത്രി: കെ.സി
ആലപ്പുഴ: പൊലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പൊലീസിന്റെ ഏറ്റവും വികൃതമായ മുഖമാണ് എറണാകുളത്ത് കണ്ടത്. ഗർഭിണിയായ സ്ത്രീയെയാണ് ഇൻസ്പെക്ടർ മർദ്ദിച്ചത്. സ്ത്രീകൾക്ക് നിർഭയമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ കഴിയാത്ത സാഹചര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |