
തിരുവനന്തപുരം: ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾ ഭരണകൂടങ്ങളുടെ ഔദാര്യമല്ലെന്നും ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ തൊഴിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ കവർന്നെടുക്കാനാണ്. തൊഴിൽ കരാർ നിയമവിധേയമാക്കുന്നതോടെ സ്ഥിരം തൊഴിൽ എന്ന സങ്കല്പം ഇല്ലാതാകുകയാണ്. ഇത് തൊഴിൽ സുരക്ഷ പൂർണമായും ഇല്ലാതാക്കി തൊഴിലാളികളെ നിരന്തര ഭീഷണിയിലാക്കാനും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റാനും കാരണമാകും. തൊഴിലാളികളുടെ ഏക ആയുധമായ പണിമുടക്കിനെ പുതിയ നിയമങ്ങൾ കർശനമായി നിയന്ത്രിക്കുകയാണ്.
വേതന കോഡ് മുന്നോട്ടുവയ്ക്കുന്ന 'ഫ്ലോർ വേജ്' സമ്പ്രദായം മിനിമം വേജ് നിർണയത്തെ അട്ടിമറിക്കും. ഏകപക്ഷീയമായി വേതനം നിശ്ചയിക്കുന്നത് തൊഴിലാളികളുടെ ജീവിതനിലവാരത്തെ ബാധിക്കും. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശിലയായ തൊഴിലാളി വർഗത്തിന്റെ അന്തസും അസ്തിത്വവും സംരക്ഷിക്കാൻ രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പ്രതിരോധം അനിവാര്യമാണ്. ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടിനെതിരെ ഒന്നിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, എ.ഐ.ടി.യു.സി. ദേശീയ സെക്രട്ടറി അമർജീത് കൗർ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി സഞ്ജയ് കുമാർ സിംഗ്, സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ, മുൻ മന്ത്രി എളമരം കരീം, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, നിയമ വകുപ്പ് സെക്രട്ടറി സനൽ കുമാർ കെ. ജി., കിലെ ചെയർപേഴ്‌സൺ കെ. എൻ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |