
ന്യൂഡൽഹി: ''പ്രേമചന്ദ്രൻ നന്നായി ഗൃഹപാഠം ചെയ്‌തിട്ടാണ് സഭയിലെത്തുന്നത്. പാർലമെന്ററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നുണ്ട്''. ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രൻ തങ്ങൾക്ക് മാതൃകയാണെന്ന് പ്രിയങ്കാഗാന്ധി. പാർലമെന്റിന്റെ ശീതകാല സമ്മേളനം പൂർത്തിയായശേഷം സ്‌പീക്കർ ഒാം ബിർള ലോക്‌സഭയിലെ നേതാക്കൾക്ക് നൽകിയ ചായ സത്‌കാരത്തിലായിരുന്നു ഇരുവരുടേയും അഭിനന്ദനം.
തൊഴിലുറപ്പ് ഭേദഗതി ബിൽ അടക്കം അവതരിപ്പിച്ച സമ്മേളനത്തിലെ പ്രക്ഷുബ്‌ധാവസ്ഥ മറന്ന് സൗഹാർദ്ദപരമായിരുന്നു യോഗം. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ എന്നിവരും പ്രേമചന്ദ്രന്റെ പ്രകടനത്തെ പുകഴ്‌ത്തി. ശീതകാല സമ്മേളനം എങ്ങനെയുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നേതാക്കളോട് ചോദിച്ചപ്പോൾ പ്രധാന ബില്ലുകൾ പെട്ടെന്ന് അവതരിപ്പിച്ചതിനാൽ പഠിക്കാൻ സമയം ലഭിച്ചില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അഭാവത്തിലാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രിയങ്കാഗാന്ധി പങ്കെടുത്തത്. 20 മിനിട്ട് നീണ്ട യോഗത്തിൽ രാംമോഹൻ നായിഡു (ടി.ഡി.പി), രാജീവ് രഞ്ജൻ സിംഗ് (ജെ.ഡി.യു), സുപ്രിയ സുലേ (എൻ.സി.പി), എ.രാജ (ഡി.എം.കെ), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), ഡി.രാജ (സി.പി.ഐ) തുടങ്ങിയവരും പങ്കെടുത്തു. സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമുള്ള ചായ സത്‌കാരത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നത് വാർത്തയായിരുന്നു.
അലർജിക്ക് വയനാടൻ
ഔഷധം: പ്രിയങ്കാഗാന്ധി
വയനാട് എം.പിയായശേഷം മലയാളം പഠിച്ചോയെന്ന മോദിയുടെ ചോദ്യത്തിന് അതേയെന്ന് പ്രിയങ്കാഗാന്ധിയുടെ മറുപടി. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മൂലമുള്ള അലർജി തടയാൻ വയനാട്ടിൽ നിന്നുള്ള ഔഷധ സസ്യം സേവിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. വയനാട് അത്തരം ഒൗഷധ സസ്യങ്ങളുടെ സാന്നിദ്ധ്യമുള്ള സ്ഥലമാണെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ജോർദ്ദാൻ, എത്യോപ്യ, ഒമാൻ പര്യടനത്തെക്കുറിച്ച് പ്രിയങ്ക ആരാഞ്ഞപ്പോൾ നല്ല യാത്രയായിരുന്നുവെന്ന് മോദി മറുപടി നൽകി.
'കൂടുതൽ പ്രതിഷേധിച്ചാൽ
തൊണ്ട കേടാകില്ലേ...'
ശീതകാല സമ്മേളനത്തിൽ ദിവസങ്ങൾ കുറഞ്ഞത് സമാജ‌്‌വാദി പാർട്ടി നേതാവ് ധർമ്മേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷത്തിന്റെ തൊണ്ടയുടെ രക്ഷയെ കരുതി മന:പൂർവം കുറച്ചതാണെന്ന പ്രധാനമന്ത്രിയുടെ മറുപടി ചിരി പടർത്തി. കൂടുതൽ ദിവസം സമ്മേളനം വച്ചാൽ കൂടുതൽ പ്രതിഷേധിച്ച് തൊണ്ട കേടാകില്ലേ എന്നും പറഞ്ഞു. പഴയ പാർലമെന്റിലേതു പോലെ ഒഴിവു സമയങ്ങളിലിരിക്കാൻ സെൻട്രൽ ഹാൾ വേണമെന്ന ആവശ്യത്തോട് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |