
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആളിപ്പടർന്ന് കലാപം. അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദി (32) മരിച്ചതാണ് സംഘർഷങ്ങൾക്ക് വഴിവച്ചത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ ജെൻ സി വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിലൊരാളാണ് ഹാദി. ഫെബ്രുവരി 12ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ 12നാണ് ധാക്കയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഹാദിക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 9.30ഓടെ മരിച്ചു.
പിന്നാലെ രാജ്യത്ത് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. യുവാക്കളെ വച്ച് ഹാദി സ്ഥാപിച്ച ഇൻക്വിലാബ് മഞ്ച എന്ന സംഘടനയുടെയും നാഷണൽ സിറ്റിസൺ പാർട്ടിയുടെയും വിദ്യാർത്ഥി ഗ്രൂപ്പുകളുടെയും നേതൃത്വത്തിലാണ് കലാപമാരംഭിച്ചത്.
ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ആരോപിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു. ചട്ടോഗ്രാമിൽ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മിഷണറുടെ വസതിക്ക് നേരെ കല്ലേറും ഭീഷണിയുമുണ്ടായി. ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്രജ്ഞരെല്ലാം സുരക്ഷിതരാണ്. ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗത്തിലെ മുൻ നേതാവ് ഫൈസൽ കരീമാണ് പ്രതികളിലൊരാളെന്ന് പൊലീസ് പറയുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ടാക്ക പാരിതോഷികം പ്രഖ്യാപിച്ചു. ഇതോടെ അവാമി ലീഗിന്റെ കേന്ദ്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. രാജ്യത്തെ മുൻനിര മാദ്ധ്യമങ്ങളായ ഡെയ്‌ലി സ്റ്റാറിന്റെയും പ്രോതോം അലോയുടെയും ധാക്കയിലെ ഓഫീസുകൾ കത്തിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ധാക്കയിലെ വസതിയും തകർത്തു.
അതേസമയം, ഹാദിയുടെ മൃതദേഹം ഇന്നലെ രാത്രി ധാക്കയിലെത്തിച്ചു. നാളെ സംസ്കരിക്കും. മരണത്തിൽ അനുശോചിച്ച് ഇന്ന് രാജ്യ വ്യാപകമായി ദുഃഖം ആചരിക്കുമെന്നും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു.
ഇന്ത്യാ വിരുദ്ധൻ
ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചയാളാണ് ഹാദി. ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി 'ഗ്രേറ്റർ ബംഗ്ലാദേശ് " എന്ന പേരിൽ ഭൂപടങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇന്ത്യാ അനുകൂല നിലപാടുള്ള പാർട്ടികൾക്കെതിരെയും ഇയാൾ രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാരിന്റെ അറിവോടെ രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണെന്ന് അവാമി ലീഗ് ആരോപിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് ഹാദിക്ക് വെടിയേറ്റത്. ഈ മാസം 15ന് യൂനുസ് സർക്കാരാണ് ഹാദിയെ സിംഗപ്പൂരിലേക്ക് മാറ്റിയത്.
ഹിന്ദു യുവാവിനെ
മർദ്ദിച്ചുകൊന്ന് കത്തിച്ചു
ഇതിനിടെ, മൈമെൻസിംഗ് ജില്ലയിലെ ബലൂക്കയിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദ്ദിച്ചുകൊന്ന് കത്തിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു പൈശാചിക സംഭവം. ദീപു ചന്ദ്ര ദാസാണ് (30) കൊല്ലപ്പെട്ടത്. മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം ധാക്ക-മൈമൻസിംഗ് ഹൈവേയിലേക്കെത്തിച്ച ശേഷം വീണ്ടും കത്തിച്ചു. പൊലീസെത്തിയാണ് മൃതദേഹം മാറ്റിയത്. ദീപു ജോലിസ്ഥലത്ത് മതനിന്ദാപരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |