
'ഈച്ച' എന്ന എസ് എസ് രാജമൗലി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരമാണ് കിച്ച സുദീപ്. ഇപ്പോഴിതാ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറായ കിച്ച സുദീപിന്റെ മകൾ സാൻവി സുദീപ് ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുയാണ്. സുദീപ് തന്നെ നായകനാകുന്ന പുതിയ ചിത്രമായ ‘മാർക്ക്’ലെ ഫെസ്റ്റിവൽ മൂഡ് ഗാനമായ ‘മസ്‌ത് മലൈക്ക’ എന്ന ഗാനമാണ് സാൻവി പാടിയിരിക്കുന്നത്.
പാട്ടിനും ഗായികയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാൻവിക്കൊപ്പം പാടിയിരിക്കുന്നത് പ്രശസ്ത ഗായകൻ നകാശ് അസീസ് ആണ്. ഷോഭി പോൾരാജ് ആണ് പാട്ടിന് കൊറിയോഗ്രാഫി ചെയ്തത്. സുദീപും നിഷ്വിക നായിഡുവും ചുവടുവയ്ക്കുന്ന പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഇതിനുമുൻപ് 'ജിമ്മി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിലും തെലുങ്ക് ആക്ഷൻ ത്രില്ലർ ‘ഹിറ്റ് 3’യിലെ തീം സോംഗിലും സാൻവി പാടിയിരുന്നു. മാർക്കിലെ മസ്‌ത് മലൈക്കയാണ് സാൻവിയുടെ ആദ്യ മുഴുനീള ഗാനം.
“എൻറെ പ്രിയപ്പെട്ട ബാദ്ഷാക്കൾ. സാനുവിന്റെ ആദ്യ പാട്ട് നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയുന്നത് അത്യന്തം സന്തോഷമാണ്. ഇത് എല്ലാവർക്കുമുള്ള ക്രിസ്മസ്, ന്യൂ ഇയർ ഗിഫ്റ്റാണ്,” എന്ന് പാട്ട് പങ്കുവച്ചുകൊണ്ട് കിച്ച സുദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. “എന്റെ വിരൽ പിടിച്ച് നടന്നിരുന്ന സാനു ഇന്ന് മൈക്ക് പിടിച്ച് നിൽക്കുമ്പോഴുള്ള അഭിമാനം വേറെയാണ്” എന്നായിരുന്നു മറ്റൊരു പോസ്റ്റ്, മകളുടെ ബിഗ് സ്‌ക്രീൻ സംഗീത അരങ്ങേറ്റത്തെ കിച്ച സുദീപിന്റെ കുടുംബവും ഫാൻസും ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
സത്യജ്യോതി ഫിലിംസും കിച്ചാ ക്രിയേഷനും ചേർന്നാണ് ‘മാർക്ക്’ നിർമ്മിച്ചിരിക്കുന്നത്. ടി.ജി. ത്യാഗരാജന്റെ അവതരണത്തിൽ സെന്തിൽ, അർജുൻ ത്യാഗരാജൻ എന്നിവരുടെ നിർമാണത്തിലുമാണ് ചിത്രം എത്തുന്നത്. വിജയ് കാർത്തികേയയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ശേഖർ ചന്ദ്രയാണ് ഛായാഗ്രഹണം. എസ്.ആർ. ഗണേഷ് ബാബു- എഡിറ്റിംഗ്, സ്റ്റണ്ട് സിൽവ. രവി വർമ, കെവിൻ കുമാർ, വിക്രം മോർ, സുബ്രമണി എന്നിവർ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകൾ. ശിവകുമാർ ജെ- പ്രൊഡക്ഷൻ ഡിസൈൻ, ഭാരത് സാഗർ- വസ്ത്രാലങ്കാരം. ആർ. ഹരിഹര സുധൻ- വിഎഫ്എക്സ്. ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് 'മാർക്ക്' തിയേറ്ററുകളിൽ എത്തുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, രോഷ്‌നി പ്രകാശ്, അർച്ചന കൊട്ടിഗെ, ദീപ്‌ശിഖ, ഗോപാൽ കൃഷ്ണ ദേശ്പാണ്ഡെ, മഹാന്തേശ് ഹിരേമഠ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |