
മോനേ...ഇതാണ് അനാകോണ്ട... മൃഗശാലയിലെ ചില്ലുകൂട്ടിൽ കിടന്ന തടിച്ചുരുണ്ട ഭീമൻ പാമ്പിനെ കാട്ടി അച്ഛൻ മകനോട് പറഞ്ഞു. പാമ്പിനെ അടിമുടി നോക്കിയ ശേഷം ആ കൊച്ചുകുട്ടി പറഞ്ഞു. 'ഇത് അനാകോണ്ട അല്ല അച്ഛാ. അനാകോണ്ട വലുതാ. നമ്മളെ ഒക്കെ വിഴുങ്ങാൻ മാത്രം ഒരുപാട് വലുത്. ഒരു മുറിയിൽ നിറഞ്ഞുനിൽക്കും അത്......" !
കൊച്ചുകുട്ടിയോട് തർക്കിച്ച് ജയിക്കാൻ പാടാണ്. കാരണം അവൻ ടെലിവിഷനിൽ കണ്ട അനാകോണ്ട അത്തരം ഭീകരനായിരുന്നു. ഇന്നത്തെ പോലെ ഫോണും സോഷ്യൽ മീഡിയയും സുലഭമല്ലാതിരുന്ന കാലത്ത് 90"s കിഡ്സിന് തെക്കേ അമേരിക്കയിലെ ആമസോൺ വനാന്തരങ്ങളെയും അവിടെ ജീവിക്കുന്ന ഭീമൻ പാമ്പുകളെയും പരിചയപ്പെടുത്തി നൽകിയത് 'അനാകോണ്ട" സിനിമ പരമ്പരയാണ്. അത്രമാത്രം റിയലിസ്റ്റിക്കായും ഭയാനകവുമായും അനാകോണ്ടയെ അവതരിപ്പിച്ചു ഈ ചിത്രങ്ങൾ.
പക്ഷേ, ശരിക്കുമുള്ള അനാകോണ്ട ഇത്രയും ഭീകരനല്ല. പരമാവധി 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാവുന്ന ഗ്രീൻ അനാകോണ്ട സ്പീഷീസാണ് ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പിന്റെ റെക്കാഡ് വഹിക്കുന്നത്. മനുഷ്യനെ കൊല്ലാനുള്ള ശേഷിയൊക്ക ഉണ്ടെങ്കിലും സിനിമിയിലേത് പോലെ മനുഷ്യരെ ഓടിച്ചിട്ട് ഞെരിച്ചമർത്തിയ ശേഷം വിഴുങ്ങുന്ന ഒരു 'മോൺസ്റ്റർ " അല്ല ഇക്കൂട്ടർ. അനാകോണ്ടയുടെ ഭാഗത്ത് നിന്ന് അത്തരം കേസുകൾ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, പലപ്പോഴും വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്ന ഇവ പ്രകൃതിയിലെ മികച്ച വേട്ടക്കാരൻ ആണെന്നതിൽ സംശയമില്ല.
നരഭോജി അനാകോണ്ട
അനാകോണ്ടയുടെ വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കാൻ ഒരു കാര്യമുണ്ട്. ഭീകരൻ അനാകോണ്ട വീണ്ടും സ്ക്രീനിലൂടെ നമുക്ക് മുന്നിൽ എത്തുകയാണ്. ഈ മാസം 25ന് ക്രിസ്മസ് ദിനത്തിൽ. അനാകോണ്ട പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്. 'അനാകോണ്ട" എന്ന് തന്നെയാണ് ചിത്രത്തിന്റെ പേരും. 1997ലെ ആദ്യ അനാകോണ്ട സിനിമയെ ബന്ധിപ്പിച്ചുള്ള പുത്തൻ ഐഡിയ എന്നാണ് ചിത്രത്തെ സംവിധായകൻ ടോം ഗോർമിക്കൻ വിശേഷിപ്പിച്ചിട്ടുള്ളത്.
അനാകോണ്ടയെ പറ്റി സിനിമയെടുക്കാൻ പോയി ഒടുവിൽ ഭീമൻ അനാകോണ്ടയുടെ മുന്നിൽ പെട്ടുപോകുന്ന കേന്ദ്രകഥാപാത്രങ്ങളുടെ രക്ഷപെടാനുള്ള ഓട്ടപ്പാച്ചിലാണ് സിനിമയിൽ. പക്ഷേ, മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, നർമ്മം കലർത്തിയാണ് അവതരണം എന്ന പ്രത്യേകതയുണ്ട്. പോൾ റഡ്ഡ്, ജാക്ക് ബ്ലാക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1997ൽ വമ്പൻ ഹിറ്റായ അനാകോണ്ടയിൽ ജെന്നിഫർ ലോപ്പസായിരുന്നു മുഖ്യ കഥാപാത്രം. പിന്നീട് അനാകോണ്ടാസ്: ദ ഹണ്ട് ഫോർ ബ്ലഡ് ഓർക്കിഡ് (2004), അനാകോണ്ട 3: ഓഫ്സ്പിംഗ് (2008), അനാകോണ്ടാസ്: ട്രെയിൽ ഒഫ് ബ്ലഡ് (2009), ലേക്ക് പ്ലാസിഡ് വേഴ്സസ് അനാകോണ്ട (2015) എന്നിവയിലും നരഭോജി അനാകോണ്ട നമ്മെ കിടുകിടാ വിറപ്പിച്ചു. വരാനിരിക്കുന്ന അനാകോണ്ട ചിത്രത്തിൽ ഹാസ്യമുണ്ടെങ്കിലും ഭയം ഒട്ടും ചോരില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ
അവതാർ എത്തി
അനാകോണ്ട മാത്രമല്ല, മറ്റൊരു വമ്പൻ ക്രിസ്മസ് സമ്മാനവും ഹോളിവുഡ് സിനിമാപ്രേമികൾക്കായി ഡിസംബർ മാസം കാത്തുവച്ചിട്ടുണ്ടായിരുന്നു. ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ് " ആണത്. അവതാർ പരമ്പരയിലെ മൂന്നാം ചിത്രം തിയേറ്രറിൽ എത്തി. കാമറൂണിന്റെ സ്വപ്ന പദ്ധതിയായ അവതാർ ആരാധകരെ നിരാശരാക്കില്ല.
ഓസ്ട്രേലിയൻ നടൻ സാം വോർതിംഗ്ടൺ തന്നെയാണ് മൂന്നാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സോയീ സാൽഡാന, സ്റ്റീഫൻ ലാംഗ്, കേറ്റ് വിൻസ്ലെറ്റ് എന്നിവർക്ക് പുറമേ ചാർലി ചാപ്ലിന്റെ ചെറുമകൾ ഊനാ ചാപ്ലിനും ചിത്രത്തിലുണ്ട്.
അങ്ങ് ദൂരെ, ആൽഫാ സെന്റോറി താരപഥത്തിൽ കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞ പാണ്ടോറയെന്ന ഗ്രഹവും അവിടുത്തെ ഘോര വനങ്ങളും പത്തടി ഉയരമുള്ള നീലനിറത്തിലെ മനുഷ്യരോട് സാമ്യമുള്ള ജീവികളും ബോക്സ് ഓഫീസ് റെക്കാഡുകൾ തകർത്തേക്കും. ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്.
പ്രേക്ഷകരുടെ ഗ്രാഫിക് സങ്കല്പങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച അവതാർ ആദ്യ ഭാഗം 2009ലാണ് റിലീസായത്. 2022ൽ പരമ്പരയിലെ രണ്ടാമനായ അവതാർ - ദ വേ ഒഫ് വാട്ടറും എത്തി. പരമ്പരയിലെ നാലാം ഭാഗം 2029ഓടെ പ്രതീക്ഷിക്കാം. സാങ്കേതികപരമായി ഓരോ പതിപ്പും മുൻ ചിത്രത്തേക്കാൾ കേമമാക്കാനാണ് കാമറൂൺ ശ്രമിക്കുന്നത്. അതിനാൽ ഫയർ ആൻഡ് ആഷ് എന്ന വിഷ്വൽ വിസ്മയം പ്രതീക്ഷകൾ തെറ്റിക്കില്ലെന്ന് തീർച്ച
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |