
ഇത്തവണത്തെ ഐഎഫ്‌എഫ്കെയിൽ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാവുകയും, ഏറ്റവും മികച്ച ചിത്രത്തിനുള്ള 'സുവർണ ചകോരം' സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് ഷോ മിയാക്കെ സംവിധാനം ചെയ്ത 'ടു സീസൺസ് ടു സ്‌ട്രേഞ്ചേഴ്സ്'. ലോകപ്രശസ്തമായ ലോക്കർണോ ഫിലിം ഫെസ്റ്റിവലിലെ 'ഗോൾഡൻ ലിയോപ്പാർഡ്' നേട്ടത്തിന് ശേഷമാണ് ചിത്രം തിരുവനന്തപുരത്തെ സിനിമ പ്രേമികളിലേക്ക് എത്തിയത്.

എഴുത്തും യാത്രയും തമ്മിലുള്ള അദൃശ്യ ബന്ധത്തെ വളരെ ലളിതമായി ആഴത്തിൽ വിശകലനം ചെയ്യുകയാണ് സിനിമ. രണ്ടു കാലഘട്ടങ്ങളിലൂടെ രണ്ട് അപരിചിതരുമായി കടന്നു പോകുന്ന ലി എന്ന എഴുത്തുകാരിക്കൊപ്പമാണ് സിനിമ മുന്നോട്ടു പോകുന്നത്. തന്റെ പുതിയ പ്രോജക്ടിനായി പ്രചോദനം തേടി അലയുന്ന ലിയുടെ ജീവിതത്തിലൂടെയും അവളുടെ എഴുത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
ജാപ്പാനീസ് മാംഗാ ആർട്ടിസ്റ്റ് യോഷിഹാരു സുഗെയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംഭാഷാണങ്ങളേക്കാൾ നിശബ്ദതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. 'വിരസതയിൽ നിന്നാണ് ഭാവനയുണ്ടാകുന്നത്' അടക്കമുള്ള ചില തത്വങ്ങൾ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നു. മിയാകെയുടെ ക്യാമറ ജപ്പാനിലെ പ്രകൃതിഭംഗിയെയും അതിമനോഹരമായാണ് ചിത്രത്തിൽ പകർത്തിയിരിക്കുന്നത്.

ആദ്യ പകുതിയിലെ കാറ്റും തിരമാലകളും നിറഞ്ഞ കടൽത്തീരവും, രണ്ടാം പകുതിയിലെ കൊടും തണുപ്പുള്ള മഞ്ഞുപുതച്ച മലനിരകളും സിനിമയ്ക്ക് പ്രത്യേക താളമാണ് നൽകുന്നത്. ഷിം യുൻക്യുംഗിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒരു വിദേശരാജ്യത്ത് താമസിക്കുന്ന എഴുത്തുകാരിയുടെ ഒറ്റപ്പെടലും അസ്വസ്ഥതയും അവർ മനോഹരമായി അവതരിപ്പിച്ചു. മനുഷ്യർക്ക് തനിയെ സഞ്ചരിക്കാനും ജീവിക്കാനും സാധിക്കുമെങ്കിലും മറ്റൊരാളുമൊത്തുള്ള ആഴത്തിലുള്ള കൂട്ട് എത്ത്രോളം അനിവാര്യമാണെന്ന് സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |