
തിരുവനന്തപുരം: വർഷം 2007. ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച 'കഥ പറയുമ്പോൾ" വൻഹിറ്റായി ഓടുന്ന കാലം. പ്രശസ്ത തമിഴ് സംവിധായകൻ പി.വാസുവിന്റെ നിർദ്ദേശപ്രകാരമാണ് സൂപ്പർസ്റ്റാർ രജനികാന്ത് കഥപറയുമ്പോൾ കാണാൻ മുംബയിലെ തിയേറ്രറിലെത്തിയത്. അപ്പോൾ ശ്രീനിയും അവിടെയുണ്ട്. ശ്രീനി തിയേറ്ററിലെത്തിയപ്പോഴേക്കും ഷോ അവസാനിക്കാറായിരുന്നു. പുറത്തിറങ്ങിയ രജനി നിറകണ്ണുകളുമായി ആരെയോ തിരയുന്നു.
ശ്രീനിവാസനെ കണ്ടതും ഓടിയെത്തി. സിനിമയിലെ അശോക്‌രാജും ബാർബർ ബാലനും തമ്മിലുള്ള കണ്ടുമുട്ടലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ മുഹൂർത്തം. ഏറെനേരം ശ്രീനിയെ കെട്ടിപ്പിടിച്ചു നിന്നു. 'നീ എന്നെ കരയിപ്പിച്ചു കളഞ്ഞുവല്ലോടാ..." രജനി പറഞ്ഞു. പിന്നീട് രജനി സിനിമയിലെ സീനുകളെക്കുറിച്ച് ചോദിച്ചു.
'സിനിമയേക്കാൾ കൂടുതൽ എന്നെക്കുറിച്ച് അറിയാനായിരുന്നു രജനികാന്തിന് താത്പര്യം. എന്റെ ജീവിതം, മക്കൾ, സിനിമകൾ അങ്ങനെയൊക്കെ ചോദിച്ചുകൊണ്ടിരുന്നു"- രജനികാന്തിനെ വളരെക്കാലത്തിനു ശേഷം കണ്ടതിനെക്കുറിച്ച് ശ്രീനിവാസൻ ഒരിക്കൽ വിവരിച്ചതിങ്ങനെയായിരുന്നു.
അധികം വൈകാതെ വാസുവിനെ രജനികാന്ത് വിളിച്ചു പറഞ്ഞു 'ശ്രീനിയുടെ സിനിമ നമുക്ക് ചെയ്യാം..." അങ്ങനെയാണ് കഥ പറയുമ്പോൾ തമിഴിൽ 'കുസേലൻ" എന്ന പേരിൽ റീമേക്ക് ചെയ്തത്. മമ്മൂട്ടി ചെയ്ത സൂപ്പർതാരത്തെ തമിഴിൽ രജനികാന്ത് അവതരിപ്പിച്ചു.
കഥ പറയുമ്പോൾ ശ്രീനിവാസൻ എഴുതുന്നത് രജനികാന്തിനെ മുന്നിൽക്കണ്ടാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ശിവാജി റാവു എന്ന പഴയ സുഹൃത്ത് പിന്നീട് രജനികാന്ത് എന്ന മഹാനടനായി മാറുമെന്ന് താൻ അന്ന് കരുതിയിരുന്നില്ലെന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഒരേ സിനിമാക്കളരിയിൽ പയറ്റിത്തെളിഞ്ഞവർ
ശ്രീനിവാസന്റെയും രജനികാന്തിന്റെയും സിനിമാക്കളരി ഒന്നാണ്. ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഇന്നത്തെ എം.ജി.ആർ ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്). മലയാള സിനിമയുടെ തലവര മാറ്റിക്കുറിച്ച് ശ്രീനിവാസനും തമിഴ് സിനിമയുടെ തലൈവരായി രജനികാന്തും തിളങ്ങിയപ്പോഴും ആ സൗഹൃദം തുടർന്നു. ശ്രീനിവാസന്റെ ആരോഗ്യനില മോശമായപ്പോഴും രജനി വിവരം തിരക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |