
ട്വൻ്റി - 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും
ക്യാപ്‌ടൻ സൂര്യ,അക്ഷർ വൈസ് ക്യാപ്‌ടൻ, ശുഭ്‌മാൻ ഗിൽ പുറത്ത്
മുംബയ്: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഇടം നേടി. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരെ 5 മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയിലും ഈ ടീം തന്നെ കളിക്കും. ഇന്നലെ മുംബയയിൽ ബി.സി.സി.ഐ ആസ്ഥാനത്ത് ബി.സി.സി.ഐ സെക്രട്ടറി ദേവ്‌ജിത് സൈകിയ, ചീഫ് സെലക്‌ടർ അജിത് അഗാർക്കർ, ക്യാപ്‌ടൻ സൂര്യകുമാർ യാദവ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ പാടെ നിറം മങ്ങിപ്പോയ
ശുഭ്‌മാൻ ഗില്ലിനെ ഒഴിവാക്കി. ഗിൽ വഹിച്ചിരുന്ന വൈസ് ക്യാപ്‌ടൻ സ്ഥാനം അക്ഷർ പട്ടേലിന് നൽകി.
ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ തിരിച്ചെത്തി. സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്ക് വീണ്ടും വഴിതെളിച്ചത്. ജാർഖണ്ഡിന്റെ ക്യാപ്ടനായിരുന്ന ഇഷാൻ ടീമിനെ ചാമ്പ്യൻമാരുമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഒഴിവാക്കപ്പെട്ട ഫിനിഷർ റിങ്കു സിഗും തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഒന്നാം വിക്കറ്റ് കീപ്പറായിരുന്ന ജിതേഷ് ശർമ്മയ്ക്ക് സ്ഥാനം നഷ്‌ടമായി. യശ്വസി ജയ്‌സ്വാളും ടീമിലില്ല.
ട്വന്റി-20 ലോകകപ്പിനും , ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷര്‍ പട്ടേൽ (വൈസ് ക്യാപ്ടൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ) അഭിഷേക് ശർമ, തിലക് വര്‍മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ)
അവസാനം മിന്നിച്ചു
ട്വന്റി-20യിൽ ഓപ്പണിംഗ് റോളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന സഞ്ജ സാംസണ് ശുഭ്‌മാൻ ഗിൽ എത്തിയതോടെയാണ് ആ സ്ഥാനം നഷ്ടമായത്. പിന്നീട് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങേണ്ടിവന്ന സഞ്ജുവിന് ആദ്യ ഇലവനിൽ നിന്നും സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസാന ട്വന്റി-20യിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. കിട്ടിയ അവസരം കൃത്യമായി മുതലാക്കിയ സഞ്ജു 22 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 37 റൺസ് നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു.
അവസരം തുലച്ചു
കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കാനാകാത്തതാണ് ഗില്ലിന് തിരിച്ചടിയായത്.ട്വന്റി-20യിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാലാണ് ഗില്ലിനെ ഒഴിവാക്കിയതെന്ന് അഗാർക്കർ പറഞ്ഞു. കഴിഞ് ട്വന്റി-20 ലോകകപ്പിലും അദ്ദേഹമില്ലായിരുന്നു. അദ്ദേഹം മികച്ച താരം തന്നെയാണ്. ഇന്ത്യൻ ടീമിൽ മികച്ച ഓപ്ഷ്നുകൾ ഉള്ളതുകൊണ്ട് ആരെങ്കിലും പുറത്തിരുന്നേ തീരു. -അഗാർക്കർ പറഞ്ഞു.
ട്വന്റി-20 ലോകകപ്പിലെ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ,
ഇത്തവണ ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ട്വന്റി-20 ലോകകപ്പ്.
പാകിസ്ഥാനും നമീബിയയും നെതർലാൻഡ്‌സും യു.എസ്.എയും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ഫെബ്രുവരി 7ന് യു.എസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ന്യൂസിലാൻഡിന് എതിരായ ട്വന്റി-20 പരമ്പര ജനുവരി21ന് തുടഹ്ങും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |