
കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ ജീവിതം, സാമൂഹിക, മത, സാംസ്കാരിക ദർശനം എന്നിവ അടിസ്ഥാനമാക്കി കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ശിവഗിരി മഠം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. സർവകലാശാല തയ്യാറാക്കിയ സിലബസ് ശിവഗിരി മഠത്തിലെ സന്യാസിമാർ പരിശോധിച്ചിരുന്നു. പഠന സാമഗ്രികൾ തയ്യാറായാലുടൻ കോഴ്സ് ആരംഭിക്കും.
യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകർക്ക് പുറമേ ഗുരുദർശന പണ്ഡിതർ, ശിവഗിരി സന്യാസിമാർ എന്നിവർ വിഷയങ്ങൾ പഠിപ്പിക്കും. അദ്ധ്യയനത്തിന് സന്യാസിമാരുടെ സേവനം ലഭ്യമാക്കാൻ മഠവും യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പിടും. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുണ്ടാകും. നാല് പേപ്പറുകളാണ് കോഴ്സിലുള്ളത്. ഗുരുദേവന്റെ ജീവചരിത്രം, ഗുരുവിന് മുൻപുള്ള കേരളത്തിലെ സാമൂഹ്യ പശ്ചാത്തലം, ചാതുർവർണ്യത്തിനെതിരെ നടന്ന പോരാട്ടങ്ങൾ, ഗുരുവിന്റെ ഇടപെടലിൽ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങൾ, സമകാലികരായ നവോത്ഥാന നായകരുടെ ഇടപെടൽ, ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ, സംഘടനകൾ, ഗുരുദേവ കൃതികൾ, പ്രബോധനങ്ങൾ, പ്രസംഗങ്ങൾ, ഗുരു കൃതികൾ അടിസ്ഥാനമാക്കി ഗുരുദേവ ദർശന പഠനം, മറ്റ് ദർശനങ്ങളുമായുള്ള താരതമ്യ പഠനം തുടങ്ങിയവ സിലബസിന്റെ ഭാഗമാണ്.
സി.വി. കുഞ്ഞുരാമനുമായുള്ള
അഭിമുഖവും
കേരളകൗമുദി സ്ഥാപകൻ സി.വി. കുഞ്ഞുരാമൻ ഗുരുദേവനുമായി നടത്തിയ അഭിമുഖവും സിലബസിന്റെ ഭാഗമാണ്. ഗുരുദേവനും സി.വിയും; ഒരു സംവാദം എന്ന തലക്കെട്ടിൽ 1925 ഒക്ടോബർ 8ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുരുദേവ ശിഷ്യനെന്ന നിലയിലും സി.വി. കുഞ്ഞുരാമന്റെ ജീവിതവും സംഭാവനകളും കോഴ്സിലുണ്ട്.
'പഠന സാമഗ്രികൾ ജനുവരി അവസാനത്തോടെ തയ്യാറാകും. പിന്നാലെ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കും.'
-പ്രൊഫ. ഡോ. വി.പി. ജഗതിരാജ്
വൈസ് ചാൻസലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |