
മനുഷ്യ ശരീരത്തിലെ ഏറ്റവും അഴുക്ക് നിറഞ്ഞ സ്ഥലം എവിടെയാണെന്നറിയാമോ. കുളിക്കുമ്പോൾ പോലും പലരും വൃത്തിയാക്കാൻ മറക്കുന്ന ഭാഗമാണത്. പൊക്കിൾ. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പൊക്കിൾ, വിയർപ്പും പൊടിയും മൃതകോശങ്ങളും അടക്കം ധാരാളം അഴുക്ക് അടിഞ്ഞു കൂടുന്ന ഇടമാണ് പൊക്കിൾ. എണ്ണ, തുണിനാരുകൾ അടക്കം ഇവിടെയുണ്ടാകും.
പുറത്തേക്ക് തള്ളിനിൽക്കുന്ന പൊക്കിൾ ഉള്ളവരെക്കാൾ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്ന പൊക്കിൾ ഉള്ളവരിലാണ് അഴുക്ക് അടിഞ്ഞു കൂടുന്നത്. ഇവരിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ബാക്ടീരിയൽ അണുബാധ. അഴുക്ക് നിറഞ്ഞ പൊക്കിളിൽ ബാക്ടീരിയകളും ഫംഗസും അമിതമായി വളരാൻ സാദ്ധ്യതയുണ്ട്. പൊക്കിൾ വൃത്തിയാക്കാത്തവരിൽ ഇ കോളിയും മറ്റ് ബാക്ടീരിയകളും മൂലമുള്ള അണുബാധ ഉണ്ടാകും. സെബേഷ്യസ് സിസ്റ്റുകളോ യീസ്റ്റ് ഇൻഫെക്ഷനോ വരാനും സാദ്ധ്യതയുണ്ട്. പൊക്കിൾ ദിവസവും നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ എണ്ണയും വിയർപ്പും അടിഞ്ഞു കൂടി യീസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാം പൊക്കിൾ തുളച്ച് ആഭരണങ്ങൾ അണിയുന്നവരിൽ ബാക്ടീരിയൽ അണുബാധയ്ക്കും സാദ്ധ്യതയുണ്ട്.
എണ്ണ, മൃതകോശങ്ങൾ, അഴുക്ക് ഇവയെല്ലാം ഏറെനാൾ പൊക്കിളിൽ അടിഞ്ഞു കൂടി നാഭിക്കല്ല് അഥവാ ഓംഫാലിറ്റിസ് രൂപംകൊള്ളാൻ സാദ്ധ്യതയുണ്ട്. കട്ടി കൂടിയ കല്ല് പോലെയുള്ള വസ്തുവാണിത്. ഉപദ്രവകാരിയല്ലെങ്കിലും ഇവയിൽ തൊട്ടാൽ അസ്വസ്ഥതയും സ്രവങ്ങളും ഉണ്ടാകും. പൊക്കിളിൽ അടിഞ്ഞു കൂടുന്ന അഴുക്ക് കാരണം ഉണ്ടാകുന്ന ദുർഗന്ധവും ഒരു പ്രധാന പ്രശ്നമാണ്. പൊക്കിളിലെ ജീർണ പദാർത്ഥങ്ങളിലെ ബാക്ടീരിയകളും ഫംഗസും പ്രവർത്തിക്കുന്നത് മൂലമാണ് ദുർഗന്ധം ഉണ്ടാകുന്നത്. തുടർച്ചയായി ദുർഗന്ധം ഉണ്ടാകുകയോ ചുവപ്പു നിറമോ സ്രവങ്ങളോ വേദനയോ ഉണ്ടാകുന്നത് അണുബാധയുടെ ലക്ഷണമായും കണക്കാക്കുന്നു. പൊക്കിളിനുള്ളിലോ പൊക്കിളിന് ചുറ്റുമോ മുഴയോ വീക്കമോ കാണുന്നത് ഹെർണിയ മൂലമാകാം. ഇതിന് വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്,
പൊക്കിൾ എളുപ്പത്തിൽ വൃത്തിയാക്കാനാവും. കോട്ടൺ സ്വാബോ ചെറിയ തുണിയോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ഉള്ളിലേക്ക് കുഴിഞ്ഞ പൊക്കിൾ വൃത്തിയാക്കാം. മൈൽഡ് ആയ സോപ്പ് ഉപയോഗിച്ച് തിരുമ്മിയും ഉൾഭാഗം വൃത്തിയാക്കാം. കഴുകിയ ശേഷം ഈർപ്പം ഒട്ടും ഇല്ലാതെ ഉണങ്ങിയെന്ന് ഉറപ്പുവരുത്തണം. പൊക്കിളിൽ ഈർപ്പം ഉണ്ടെങ്കിൽ ഫംഗസുകൾ വളരാനിടയാക്കും. പുറത്തേക്ക് ഉന്തിയ പൊക്കിളാണെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് തിരുമ്മി കഴുകാം, ശേഷം നന്നായി വെള്ളം കൊണ്ടുലച്ച് കഴുകണം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴുകി വൃത്തിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |