
തൃശൂർ: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവവും വാരിയെല്ലുകളുടെ ഒടിവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ ബഗേലിന്റെ (40) ശരീരത്തിൽ 38 പരിക്കുകളുണ്ടായിരുന്നു.
തലയുടെ വലതുഭാഗത്തേറ്റ മർദ്ദനം കാരണം തലച്ചോറിൽ രക്തസ്രാവവുമുണ്ടായി. വലതുവശത്തെ നാല് മുതൽ 11 വരെയുള്ള വാരിയെല്ലുകളും ഇടതുവശത്തെ ഏഴാം വാരിയെല്ലും ഒടിഞ്ഞു. നെഞ്ചിലെ അറകളിൽ രക്തം കെട്ടിക്കിടന്നു. നട്ടെല്ലിന്റെ ഭാഗവും ഒടിഞ്ഞു. ശരീരത്തിന്റെ പുറംഭാഗം, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ വടി പോലുള്ള വസ്‌തുക്കൾ കൊണ്ടടിച്ച പാടുണ്ട്. ആൾക്കൂട്ട മർദ്ദനമാണ് മരണകാരണമെന്ന് ഇതിലൂടെ വ്യക്തമായി.
മുഖത്തും കഴുത്തിലും കൈകാലുകളിലും ചതവും ഉരച്ചിലുമുണ്ടായിട്ടുണ്ട്. ആന്തരിക അവയവങ്ങൾ വിളറിയ നിലയിലായിരുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയെന്നും വൃക്കകളിൽ ചെറിയ മുഴകളുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. രക്തസ്രാവത്തിന്റെ ലക്ഷണമാണിത്. ഡിസംബർ 17ന് വൈകിട്ടുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ബഗേലിന്റെ മൃതദേഹം 19നാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്.
പത്ത് ലക്ഷം ധനസഹായം ക്യാബിനറ്റ് തീരുമാനിക്കും
പത്ത് ലക്ഷം രൂപയിൽ കുറയാത്ത സഹായം വേണമെന്ന രാം നാരായൺ ബഗേലിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം കാബിനറ്റിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ. അർഹരായവരുടെ കൈകളിൽ ഈ പണം എത്തിക്കാൻ നടപടിയെടുക്കും. ബഗേലിന്റെ കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി കളക്ടറെ ചുമതലപ്പെടുത്തി. ഇത്തരം തൊഴിലാളികളെ അതിഥിതൊഴിലാളികളായി കണ്ട് തദ്ദേശീയർക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും നൽകണമെന്ന് നിലപാടുള്ള സർക്കാരാണിത്. കൊലപാതകത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |