ചാരുംമൂട്: കായംകുളത്തെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ചിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കായംകുളം ചേരാവള്ളി മുറിയിൽ 26ാം വാർഡിൽ ആലുംമൂട്ടിൽ വീട്ടിൽ നുജുമുദ്ദീൻ (65) അറസ്റ്റിൽ. കായംകുളം മുനിസിപ്പാലിറ്റി 26ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുനിസിപ്പൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ 2024 വരെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. കായംകുളത്തും ചാരുംമൂട്ടിലും സ്വർണ വ്യാപാര സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു.
ഇയാളുടെ നേതൃത്വത്തിൽ വ്യാപാരികളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. പിന്നീട് ചിട്ടി ഇടപാടുകളും തുടങ്ങി. വൻ പലിശ വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപത്തുകയും ചിട്ടിപ്പണവും തിരികെ ലഭിക്കാതെ വന്നതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നുജുമുദ്ദീനും കൂട്ടു പ്രതികൾക്കുമെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തു. 6,1868346 രൂപയുടെ നഷ്ടം സൊസൈറ്റിക്ക് വരുത്തിയതായി തിട്ടപ്പെടുത്തുകയും ചെയ്തു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ.എം.കെ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ ന്വേഷണത്തിലാണ് നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തിൽ നിന്ന് നൂറനാട് എസ്.എച്ച്. ഒ എസ്.ശ്രീകുമാർ അറസ്റ്റ് ചെയ്തത്. എസ്.ഐ അജിത്.കെ, രാജേന്ദ്രൻ.ബി, സിവിൽ പൊലീസ് ഓഫീസർ ജയേഷ്.വി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര കോടതിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |