* പിടിയിലായത് ഡോ. ഫൈസൽ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിവിതരണക്കാരൻ
കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മാരകമയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. നിരവധി കേസുകളിലെ പ്രതി മട്ടാഞ്ചേരി ചുള്ളിക്കൽ ജന്മപ്പറമ്പിൽവീട്ടിൽ ഫൈസൽ നാസറിനെയാണ് (33) എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസ് , ഇൻസ്പെക്ടർ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
മയക്കുമരുന്ന് ഗുളികകൾ ആദ്യം സൗജന്യമായി
നൽകി ഇരകളെ ആകർഷിക്കുന്നതാണ് പ്രതിയുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. ഇടപാടുകാർക്ക് ഇടയിൽ പടയപ്പ ഫൈസൽ, ഡോക്ടർ ഫൈസൽ എന്നീ അപരപേരുകളിലാണ് പ്രതി അറിയപ്പെടുന്നത്. പൊലീസിലും എക്സൈസിലുമായി കഞ്ചാവ്, രാസലഹരി വിതരണത്തിന് നിരവധി കേസുകളുണ്ട്. മാനസികവിഭ്രാന്തി നേരിടുന്നവർക്ക് ഡോക്ടർമാർ കുറിക്കുന്ന നൈട്രാസെപാം ഗുളിക സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫൈസൽ വാങ്ങുന്നത്. പിടിച്ചെടുത്ത ഗുളികകൾ 89.205 ഗ്രാം തൂക്കം വരും. 6 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് വിൽക്കുന്നത്. മുൻകൂട്ടി ആവശ്യപ്പെടുന്നവർക്കാണ് മയക്കുമരുന്നുകൾ എത്തിക്കുന്നത്.
എറണാകുളം നഗരത്തിൽ ലിസി-പുല്ലേപ്പടി റോഡിലെ ഒരു ഹോസ്റ്റലിൽ ഇയാൾ തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എക്സൈസ് ഷാഡോസംഘം ഹോസ്റ്റൽ വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ലഹരി വിതരണ സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടതായി സൂചനയുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥരായ ഷിഹാബുദ്ദീൻ, പി.ജെ. ജയകുമാർ, വി.എം. സൈദ്, എം. ബൈജു, കെ.എം. ഷിഹാബുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |