തിരുവനന്തപുരം: നാലു പതിറ്റാണ്ടായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചു. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. കെ. സോമപ്രസാദ് എം.പി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. ഗവേണിംഗ് ബോഡി അംഗമായ മുൻ പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ കർശന നിലപാടെടുത്തതോടെയാണ് ശ്രീചിത്രയിലെ ഉന്നത ഉദ്യോഗസ്ഥർ വഴങ്ങിയത്. തുടർന്ന്, സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്ത് ഗ്രൂപ്പ് എയിലെ സയന്റിഫിക് ആൻഡ് ടെക്നിക്കൽ തസ്തികകളിലടക്കം സംവരണം നടപ്പാക്കാൻ കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തെ സമീപിച്ചു. എൻജിനിയറിംഗ് തസ്തികകൾ, സയന്റിസ്റ്റ്, അസി. പ്രൊഫസർ മുതൽ പ്രൊഫസർ വരെയുള്ള ഫാക്കൽട്ടി, ഡോക്ടർമാർ, റിസർച്ച് ഗൈഡ് തുടങ്ങിയ ഇരുനൂറോളം എ ക്ലാസ് തസ്തികകളിലും നിയമനത്തിന് സംവരണം ബാധകമാക്കിയാവും ഭേദഗതി.
1980ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്യൂൺ, പാരാമെഡിക്കൽ തസ്തികകളിൽ പോലും സംവരണം അനുവദിച്ചിരുന്നില്ല. ഉന്നത തസ്തികകളിൽ സംവരണം നടപ്പാക്കേണ്ടെന്ന് കേന്ദ്ര ഉത്തരവുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. സംവരണം നടപ്പാക്കാതിരിക്കാൻ ഇളവുതേടി ശ്രീചിത്ര രണ്ടുവട്ടം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എം.ആർ, ഐ.ഐ.ടികൾ എന്നിവ പോലും സംവരണം പാലിക്കുന്നുണ്ട്.
പട്ടികജാതി ക്ഷേമസമിതി ട്രഷറർ വണ്ടിത്തടം മധു നൽകിയ കേസിൽ എല്ലാ തസ്തികകളിലും സംവരണം പാലിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ ഗോത്ര കമ്മിഷൻ ഉത്തരവിട്ടപ്പോൾ, കമ്മിഷന് അതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്ര ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കമ്മിഷൻ ഉത്തരവ് സ്റ്റേചെയ്തില്ല. പിന്നീട് ദേശീയ പട്ടികജാതി കമ്മിഷൻ ശ്രീചിത്രയിലെത്തി സംവരണ ആഡിറ്റ് നടത്തി, എല്ലാ തസ്തികകളിലും പട്ടിക, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ റിക്രൂട്ട്മെന്റ് നടത്താൻ നിർദ്ദേശിച്ചെങ്കിലും അധികൃതർ അനങ്ങിയില്ല. പിന്നീട് ദേശീയകമ്മിഷനെതിരെ ശ്രീചിത്ര സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയപ്പോൾ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം തടഞ്ഞു. നിയമഭേദഗതിയിലൂടെ എല്ലാ തസ്തികകളിലും സംവരണം നടപ്പാക്കണമെന്നും സംവരണ ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തണമെന്നും ഗവേണിംഗ് ബോഡിയിൽ ടി.പി. സെൻകുമാർ നിലപാടെടുത്തു. നിയമഭേദഗതി നടപ്പാക്കി ഇനിയുള്ള നിയമനങ്ങളെല്ലാം സംവരണം പാലിച്ച് നടത്തുമെന്ന് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു,
സംവരണം പാലിക്കേണ്ടാത്ത സ്ഥാപനങ്ങൾ (പാർലമെന്റ് പാസാക്കിയ നിയമപ്രകാരം)
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപനങ്ങൾ, ടാറ്റാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഷില്ലോംഗിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ, ബംഗളൂരുവിലെ ജവഹർലാൽനെഹ്‌റു സയന്റിഫിക് റിസർച്ച് സെന്റർ, അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി, തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറി, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിമോട്ട് സെൻസിംഗ്
നിലവിലുള്ളത് 1200ലേറെ ജീവനക്കാർ
പട്ടികജാതി - 69 പട്ടികവർഗം - 11
(താഴ്ന്ന തസ്തികകളിൽ മാത്രം)
ഇതുവരെ ലഭിക്കേണ്ടിയിരുന്നത്
പട്ടികജാതി- 375, പട്ടികവർഗം- 187
ഇപ്പോഴും തുടരുന്നത്
ഗവേഷണത്തിനും കോഴ്സുകളിലെ പ്രവേശനത്തിനും പൂർണതോതിൽ സംവരണമില്ല
താത്കാലിക നിയമനങ്ങളിലും പ്രോജക്ട് നിയമനങ്ങളിലും സംവരണമില്ല
40 ഒഴിവുകൾ, 2400 അപേക്ഷ
മതിയായ അപേക്ഷകരുണ്ടാവില്ലെന്ന് പറഞ്ഞാണ് വർഷങ്ങളോളം നഴ്സ് നിയമനത്തിൽ പട്ടികവിഭാഗ സംവരണം നടപ്പാക്കാതിരുന്നത്. അടുത്തിടെ, 40 ഒഴിവുകളിലെ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് 2400 പേർ. 1800പേർ പരീക്ഷയെഴുതി. ഇപ്പോൾ നിയമനനടപടികൾ പുരോഗമിക്കുന്നു.
''ഭരണഘടനാപരമായ അവകാശം അട്ടിമറിച്ചുള്ള അനീതിക്ക് അവസാനമായി. ഇതൊരു ചരിത്രനേട്ടമാണ്. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവകാശം സ്ഥാപിച്ചെടുത്തു''.
- കെ. സോമപ്രസാദ് എം. പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |