
താത്വിക ചിന്തകൾക്കൊപ്പം തിരഞ്ഞെടുപ്പ് ജയ പരാജയങ്ങളെയും താത്വികമായി അവലോകനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം" എന്ന സിനിമയിലെ ഡയലോഗുകളുടെ പ്രസക്തി എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വിശാലമായ ചർച്ചയ്ക്ക് കളമൊരുക്കാറുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടനും നിർമ്മാതാവും സംവിധായകനും ഒക്കെയായ ശ്രീനിവാസൻ തിരക്കഥയെഴുതുകയും ചിത്രത്തിൽ കോട്ടപ്പള്ളി പ്രഭാകരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ചിത്രം കാലാതിവർത്തിയായി നിലനിൽക്കുന്നതിനൊപ്പം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും 'സന്ദേശം" സിനിമക്കും അതിലെ ഡയലോഗുകൾക്കും രാഷ്ട്രീയക്കാരും വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറെ പ്രാധാന്യം നൽകി ചർച്ചയാക്കാറുമുണ്ട്. ശങ്കരാടിയും ശ്രീനിവാസനും ബോബി കൊട്ടാരക്കരയും അഭിനയിച്ച് അനശ്വരമാക്കിയ ആ സീനുകൾ ഏത് തിരഞ്ഞെടുപ്പ് വേളയിലും പ്രസക്തമാകുന്നത് അതിനാലാണ്. സിനിമയിൽ ഒരു തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന പാർട്ടിയോഗത്തിൽ താത്വികാചാര്യനായ ശങ്കരാടിയുടെ കുമാരപിള്ളസാറിന്റെ ആ ഡയലോഗ് ഇങ്ങനെയാണ്:
'താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും, റാഡിക്കലായ ഒരു മാറ്റമല്ല."
ഇതുകേൾക്കുമ്പോഴാണ് ഉത്തമനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോബി കൊട്ടാരക്കരയുടെ സംശയം. 'സഖാവെ, എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ ?" അപ്പോൾ ശ്രീനിവാസന്റെ കോട്ടപ്പള്ളി പ്രഭാകരൻ ഉത്തമനെ അടിച്ചിരുത്തുകയാണ്.
'ഉത്തമൻ സ്റ്റഡിക്ളാസിലൊന്നും പങ്കെടുക്കാത്തതിന്റെ കുഴപ്പമാണ്." താത്വികാചാര്യനായ കുമാരപിള്ള സാറിനെ ചോദ്യം ചെയ്യരുതെന്ന താക്കീതും നൽകുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മുന്നേറ്റവും എൽ.ഡി.എഫിനേറ്റ തിരിച്ചടിയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ച ദിവസങ്ങളിൽ തന്നെയാണ് ശ്രീനിവാസന്റെ വിയോഗവും സംഭവിച്ചത്. അതോടെ 'സന്ദേശം" സിനിമയുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കും പുതുമയേറി. 1991 ൽ റിലീസായ സന്ദേശത്തിലെ ഈ ഡയലോഗുകൾക്കപ്പുറം താത്വികാവലോകനങ്ങൾ അന്നും ഇന്നും അതിനപ്പുറം മാറിയിട്ടില്ലെന്നത് ശ്രീനിവാസന്റെ ദീർഘവീക്ഷണത്തിന് മാറ്റേകുന്നതാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പൊളിറ്റിക്കൽ സറ്റയറായ 'സന്ദേശ"ത്തിലെ ആഘോഷിക്കപ്പെട്ട ഡയലോഗുകളിലൊന്നാണിതെന്നതിൽ സംശയമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ തോറ്റ സീറ്റുകളെച്ചൊല്ലിയും ജയിച്ചിടങ്ങളിൽ ഭൂരിപക്ഷം എന്തുകൊണ്ട് കുറഞ്ഞുവെന്നതിനെ സംബന്ധിച്ചും താത്വികവും രാഷ്ട്രീയവുമായ ചർച്ചകളും അവലോകനങ്ങളും ഇപ്പോൾ അരങ്ങേറുകയാണ്. സന്ദേശം സിനിമയിൽ ഉത്തമന്റെ ചോദ്യം പോലെ 'എന്ത് കൊണ്ട് നമ്മൾ തോറ്രു" എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള താത്വികമായ അവലോകനങ്ങളാകും വരും ദിവസങ്ങളിലുണ്ടാകുക. തോറ്റാലും തോൽവി സമ്മതിക്കാതെ കുമാരപിള്ള സാറിനെപ്പോലെ അതിനെ താത്വികമായി ഘണ്ഡിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെ ഒരു രീതിയെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് കനത്ത തോൽവിയല്ലെന്നും പരാജയം എന്നത് അവസാനത്തെ പരാജയമോ, വിജയം എന്നത് അവസാനത്തെ വിജയമോ ആയി കമ്മ്യൂണിസ്റ്റുകൾ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ലക്ഷ്യമിട്ട ക്ഷേത്ര നഗരങ്ങളിൽ എൽ.ഡി.എഫാണ് മികച്ച വിജയം നേടിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ജയിച്ച 25 വാർഡിൽ യു.ഡി.എഫിന് 1000 വോട്ടിൽ താഴെയാണുള്ളത്. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബി.ജെ.പിയും യു.ഡി.എഫും ധാരണയോടെ പ്രവർത്തിച്ചുവെന്നാണ് ഇതിനർത്ഥം. കൊല്ലം കോർപ്പറേഷനിൽ എൽ.ഡി.എഫ് തോറ്റെങ്കിലും അവിടെ ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കാനായി. സി.പി.എം ജില്ലാ ഘടകങ്ങൾ ഈ മാസം തന്നെ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടേയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ സി.പി.ഐ ആകട്ടെ, താത്വിക തലം വിട്ട് കുറെക്കൂടി പ്രായോഗികതയിലൂന്നിയ പ്രതികരണമാണ് നടത്തിയത്. ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണ്ണക്കൊള്ളയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്
മൂന്ന് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് രാഷ്ട്രീയ കക്ഷികളുടെ ഇനിയുള്ള നീക്കമെങ്കിലും കോൺഗ്രസും യു.ഡി.എഫും അക്കാര്യത്തിൽ ഒരു മുഴം മുമ്പേ തന്നെ എറിഞ്ഞ് കളിക്കാനാണ് തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം നൽകിയ ആത്മവിശ്വാസത്തിൽ നിന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി മുന്നണി വിപുലീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ തീരുമാനമെടുത്തു. പരമാവധി കക്ഷികളെ യു.ഡി.എഫിലേക്കെത്തിക്കാനുള്ള ഗെയിം പ്ളാനിന്റെ ഭാഗമായി പി.വി. അൻവർ, സി.കെ. ജാനു എന്നിവരെ മുന്നണിയിലെടുക്കാനും ഇടതുമുന്നണിയിൽ തുടരുന്ന കേരള കോൺഗ്രസിനെയും ആർ.ജെ.ഡിയെയും ഒപ്പം കൂട്ടാനുമാണ് നീക്കം. എൻ.ഡി.എ വിട്ടാണ് സി.കെ. ജാനു യു.ഡി.എഫിൽ ചേരാൻ തീരുമാനിച്ചത്. എൻ.ഡി.എ യിലെ മറ്റൊരു ഘടകകക്ഷിയായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെയും ക്ഷണിച്ചെങ്കിലും അവർ എത്തിയിട്ടില്ല. ഫെബ്രുവരി ആദ്യവാരം കേരളജാഥ നടത്താനും യു.ഡി.എഫ് തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ മൂന്നാമൂഴം ഭരണം സ്വപ്നം കാണുന്ന എൽ.ഡി.എഫും സി.പി.എമ്മും തദ്ദേശത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. സി.പി.എം ജില്ലാ ഘടകങ്ങൾ ഈ മാസം തന്നെ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.
ഞെട്ടൽ മാറാതെ കൊല്ലത്തെ സി.പി.എം
കാൽ നൂറ്റാണ്ട് കാലം കൊല്ലം കോർപ്പറേഷൻ ഭരണം കൈപ്പിടിയിലൊതുക്കി വച്ചിരുന്ന സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് പാർട്ടി ജില്ലാ നേതൃത്വം ഇനിയും മുക്തമായിട്ടില്ല. സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷൻ നഗരങ്ങളിലും കൃത്യമായ ആധിപത്യം ഉറപ്പിച്ചിരുന്ന ഇടതു മുന്നണിക്ക് കോഴിക്കോട് കോർപ്പറേഷൻ കൊണ്ട് ഇക്കുറി തൃപ്‌തിപ്പെടേണ്ടി വന്നു. ഇടതുമുന്നണിക്ക് ഏറ്റവും കനത്ത തിരിച്ചടിയുണ്ടായത് കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിലാണ്. എക്കാലവും ഇടതിന്റെ ഉറച്ച കോട്ടകളായിരുന്നു ഈ രണ്ട് കോർപ്പറേഷനുകളും. കോഴിക്കോട് കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. കാൽനൂറ്റാണ്ടായി കൊല്ലം കോർപ്പറേഷനും അതിന് അഞ്ച് വർഷം മുമ്പ് മുൻസിപ്പാലിറ്റിയും, അതും കൈവിട്ടു. തിരുവനന്തപുരം കോർപ്പറേഷൻ കൈവിട്ടെങ്കിലും കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി തോൽവിയെക്കുറിച്ച് വിലയിരുത്തി. സംഘടനാ ദൗർബല്യവും നേതാക്കൾക്കിടയിലെ വിഭാഗീയതയും തോൽവിക്ക് കാരണമായെന്നാണ് ഉയർന്ന വിമർശനം. എന്നാൽ കൊല്ലം ജില്ലാ കമ്മിറ്റി ഇനിയും വിലയിരുത്തലിലേക്ക് കടന്നിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന വാർഡ് ഡീലിമിറ്റേഷനാണ് കൊല്ലത്ത് സി.പി.എമ്മിനെ അടപടലം തോൽപ്പിച്ചതെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ചില നേതാക്കൾ പാർട്ടിയെ കൈപ്പിടിയിലൊതുക്കുകയും അഴിമതിയ്ക്കടക്കം കൂട്ട് നിൽക്കുകയും ചെയ്തുവെന്ന വികാരം പലർക്കും ഉണ്ടെങ്കിലും അക്കാര്യം പരസ്യമായി പറയാൻ ആരും തയ്യാറല്ല. കോർപ്പറേഷനിലെ വിവിധ നിർമ്മാണ ജോലികൾ കരാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണത്രെ അരങ്ങേറിയത്. ഇതിൽ അസംതൃപ്തരായ പാർട്ടി അണികൾ തന്നെയാണ് കൊല്ലത്ത് സി.പി.എമ്മിനെ തോൽപ്പിച്ചതെന്ന വികാരവും ശക്തമാണ്. കോൺഗ്രസാകട്ടെ, തീരെ പ്രതീക്ഷിക്കാതെ ഭരണം ലഭിച്ചതിന്റെ ത്രില്ലിലുമാണ്. 56 ൽ 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യു.ഡി.എഫിന് ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും പ്രതിപക്ഷത്തിന്റെ ഭീഷണിയില്ല. കാരണം 16 സീറ്റുള്ള എൽ.ഡി.എഫും 12 സീറ്റുള്ള ബി.ജെ.പിയും ഒന്നിക്കില്ലെന്നതു തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |