ആലപ്പുഴ: ക്രിസ്‌മസ് ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് താറാവ്, കോഴി കർഷകരെ ആശങ്കയിലാക്കി.
നെടുമുടി അഞ്ചാം വാർഡിലാണ് കോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചെറുതന പഞ്ചായത്തിലെ വാർഡ് ഒന്ന്, കരുവാറ്റ വാർഡ് 16, കാർത്തികപ്പള്ളിയിലെ വാർഡ് നാല്, അമ്പലപ്പുഴ തെക്ക് വാർഡ് എട്ട്, പുന്നപ്ര തെക്ക് വാർഡ് അഞ്ച്, തകഴിയിലെ വാർഡ് പത്ത്, പുറക്കാട് ആറാം വാർഡ് എന്നിവിടങ്ങളിൽ താറാവുകൾക്കും പക്ഷിപ്പനിയെന്ന് കണ്ടെത്തി. കേന്ദ്രമൃഗസംരക്ഷണ മന്ത്റാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചതാണിത്. ദേശാടനപ്പക്ഷികളുടെ വരവാണ് രോഗവ്യാപനത്തിന് കാരണം. ഒരുവർഷത്തോളമായി ആലപ്പുഴ പക്ഷിപ്പനി മുക്തമായിരുന്നു.
ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗത്തിൽ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിംഗ്) ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
2024ൽ സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 38പക്ഷിപ്പനി പ്രഭവകേന്ദങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 30എണ്ണവും ആലപ്പുഴയിലായിരുന്നു. 2024 സെപ്തംബർ മുതൽ ഡിസംബർ 31വരെ പക്ഷികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം നീട്ടിയെങ്കിലും 2025മാർച്ചിൽ പിൻവലിച്ചു. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് അവശേഷിക്കുന്നില്ലെന്ന് ഉറപ്പായതോടെ പക്ഷിപ്പനിമുക്തമെന്ന വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.
വളർത്തുപക്ഷികളെ കൊല്ലും
കള്ളിംഗ് നടപടികൾ 26, 27 തീയതികളിലായി നടക്കും
26ന് കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി, തകഴി, നെടുമുടി എന്നിവിടങ്ങളിൽ
27ന് ശേഷിക്കുന്നയിടങ്ങളിൽ പക്ഷികളെ കൊല്ലും
പക്ഷികളിൽ അസ്വാഭാവിക കൂട്ട മരണം ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രിയിൽ അറിയിക്കണം
രോഗംബാധിച്ച പക്ഷികൾ
19,881
പ്രഭവകേന്ദ്രം, കൊല്ലുന്ന വളർത്തുപക്ഷികൾ
തകഴി പഞ്ചായത്ത് - 305
കാർത്തികപ്പള്ളി പഞ്ചായത്ത് (കുമാരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടും) - 353
കരുവാറ്റ - 665
പുന്നപ്ര സൗത്ത് - 5672
പുറക്കാട് പഞ്ചായത്ത് - 4000
അമ്പലപ്പുഴ സൗത്ത് - 4000
ചെറുതന പഞ്ചായത്ത് - 4500
നെടുമുടി പഞ്ചായത്ത് -386
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |