
കൊച്ചി: അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ വഴിയാത്രക്കാരായ ഡോക്ടർമാർ ചേർന്ന് റോഡരികിൽവച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷാശ്രമങ്ങൾ വിഫലമായി. യുവാവ് മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവാണ് വൈറ്റില വെൽകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് റോഡരികിൽ യുവാവിന് അടിയന്തര വൈദ്യസഹായം നൽകിയത്.
ആ സമയത്ത് ലഭ്യമായ റേസർ ബ്ലേഡും ശീതളപാനീയത്തിന്റെ സ്ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്നാണ് ഡോക്ടർമാരുടെ സംഘം യുവാവിന്റെ ജീവൻ നിലനിറുത്തിയത്. തുടർന്ന് ആംബുലൻസിൽ വെൽകെയർ ആശുപത്രിയിൽ എത്തിച്ചു. റോഡരികിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർമാരെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ അഭിനന്ദിച്ചു. ഗവർണർ ആർലേക്കർ ഡോക്ടർമാരെ ലോക്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ലിനുവിന്റെ മൂക്കും പല്ലും തകർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |