
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 മേയ് 31 വരെ നീട്ടിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റ് സമന്വയ പോർട്ടലിൽ പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണമെന്ന പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുടെ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
സമന്വയ പോർട്ടലിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി ജനുവരി 27ന് പരിഗണിക്കാൻ മാറ്റി. യോഗ്യരായ ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ ഇവർക്കായി നീക്കിവച്ച തസ്തികയിലേക്ക് നിയമനം നടത്താനാകുന്നില്ലെന്നും അതിനാൽ മറ്റ് നിയമനങ്ങൾക്കും അംഗീകാരം വൈകുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഭിന്നശേഷി സംവരണ നിയമപ്രകാരം നിശ്ചിത ശതമാനം തസ്തികകൾ നീക്കിവയ്‌ക്കേണ്ടതുണ്ട്. ഇതിനായി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല സമിതികളോട് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചത്. ഇതിന്റെ കാലാവധി ഡിസംബർ 31വരെ ആയതിനാൽ കോടതി ഇടപെടണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |