കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം ഫ്ളൈഒാവർ പൊളിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡ്, അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനിയേഴ്സ് തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ഇടക്കാല ഉത്തരവ്.
പാലത്തിന്റെ ബലം ഉറപ്പാക്കാൻ കരാറിൽ പറയുന്ന ലോഡ് ടെസ്റ്റ് നടത്താൻ സർക്കാർ തയ്യാറായില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ തുടർപരിശോധന വേണമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇ. ശ്രീധരന്റെ റിപ്പോർട്ടനുസരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് അപ്പാടെ സ്വീകരിക്കരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
മുംബയ്, കാൺപൂർ ഐ.ഐ.ടികളുടെയോ പാലത്തിന്റെ ബലപരിശോധനയിൽ വൈദഗ്‌ദ്ധ്യമുള്ള മറ്റേതെങ്കിലും ഏജൻസിയുടെയോ സഹായത്തോടെ ലോഡ് ടെസ്റ്റ് നടത്തുമോയെന്ന് വ്യക്തമാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ സർക്കാർ സ്റ്റേറ്റ്മെന്റ് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ബലക്ഷയമുണ്ടെന്ന് എങ്ങനെ പറയും ?
ഫ്ളൈഒാവറിന്റെ ലോഡ്ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് സർക്കാർ വിശദീകരിച്ചപ്പോൾ പിന്നെങ്ങനെ ബലക്ഷയമുണ്ടെന്ന് പറയാനാവുമെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. 41 പാലങ്ങളും ആറ് ഫ്ളൈഒാവറുകളും നിർമ്മിച്ച തങ്ങളുടെ അഭിപ്രായം സർക്കാരോ ഇ. ശ്രീധരനോ ചോദിച്ചില്ലെന്ന് കിറ്റ്കോയും വാദിച്ചു. എന്നാൽ ലോഡ്ടെസ്റ്റ് വേണ്ടെന്ന അഭിപ്രായം സർക്കാരിനില്ലെന്നും വിദഗ്‌ദ്ധാഭിപ്രായം കേൾക്കാൻ തയ്യാറാണെന്നും സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. ഫ്ളൈഒാവർ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാതെ ഇതേപടി നിലനിറുത്താനാവില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. തുടർന്നാണ് ഹർജികൾ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |